ഏറ്റവും പ്രിയപ്പെട്ട തായ്ലാൻ്റിലെത്തിയ സന്തോഷത്തിൽ വിസ്മയ മോഹൻലാൽ
ലൈം ലൈറ്റിൽ നിന്നെല്ലാം അകന്ന് കഴിയുകയാണ് മോഹൻലാലിന്റെ രണ്ട് മക്കളും. സിനിമ ചെയ്യുമ്പോൾ മാത്രം വരും എന്നല്ലാതെ, അത് കഴിഞ്ഞാൽ പ്രണവിന്റെ അഡ്രസ്സേ ഉണ്ടാവില്ല. അതേ സമയം വിസ്മയ മോഹൻലാൽ കേരളത്തിൽ ആളുകൂടുന്ന പൊതുവിടത്ത് എത്താറേയില്ല. സൂപ്പർസ്റ്റാറിന്റെ മകളായിട്ട് പോലും വിസ്മയയെ കുറിച്ച് ആളുകൾക്ക് ഒന്നും അറിയുകയില്ല. വിസ്മയ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ഫോട്ടോകളിലൂടെ മാത്രമാണ് താരപുത്രിയുടെ അപ്‌ഡേറ്റുകൾ ലാൽ ഫാൻസ് പോലും അറിയുന്നത്.
ഇപ്പോൾ വിസ്മയ മോഹൻലാൽ എവിടെയാണ് ഉള്ളത് എന്ന് താരപുത്രി ഇൻസ്റ്റഗ്രാമിലൂടെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആദ്യം പങ്കുവച്ചത് വിമാന യാത്രയുടെ ഫോട്ടോയാണ്. പിന്നാലെ പങ്കുവച്ച സെൽഫി ചിത്രത്തിൽ എവിടെയാണ് ഉള്ളത് എന്ന സൂചന നൽകിയിട്ടുണ്ട്. വിസ്മയയുടെ പ്രിയപ്പെട്ട സ്ഥലമായ തായിലാന്റിൽ! തായിലാന്റിന്റെ പതാകയുടെ സ്റ്റിക്കറിനൊപ്പമാണ് സെൽഫി ചിത്രം.
കേരളം കഴിഞ്ഞാൽ വിസ്മയയുടെ സെക്കന്റ് ഹോം ആണ് തായിലാന്റ്. അവിടെയാണ് പഠിച്ചതും, കൂടുതൽ ജീവിച്ചതുമെല്ലാം. തായിലാന്റിൽ വിസ്മയക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. ദിവസങ്ങൾക്ക് മുൻപ് തായിലാന്റിന്റെ മാർഷ്യൽ ആട്‌സ് പ്രാക്ടീസ് ചെയ്യുന്ന ഒരു വീഡിയോയ്‌ക്കൊപ്പം മിസ്സ് ചെയ്യുന്നു എന്ന് വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ആ മിസ്സിങ് ഫീലിനൊടുവിൽ ഇപ്പോൾ തായിലാന്റിൽ തിരിച്ചെത്തിയിരിക്കുകയാണ് വിസ്മയ.
അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് അഭിനയത്തിലേക്ക് വരില്ല എന്നുറപ്പുള്ള താരപുത്രിമാരിൽ ഒരാളാണ് വിസ്മയ മോഹൻലാൽ. എഴുത്തും വായനയും വരകളും യാത്രകളും മാർഷ്യൽ ആട്‌സും ക്ലേ ആർട്ടുകളുമൊക്കെയാണ് വിസ്മയയുടെ ഇഷ്ട വിനോദങ്ങൾ. സ്വന്തം ഫോട്ടോകൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളെക്കാൾ വിസ്മയ കൂടുതലും പങ്കുവയ്ക്കുന്നത് ഇത്തരം ഫോട്ടോകളും വീഡിയോകളും ഒക്കെയാണ്.
ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയാണ് വിസ്മയ മോഹൻലാൽ. പബ്ലിഷ് ചെയ്യാൻ വേണ്ടി എഴുതിയതല്ല, പലപ്പോഴായി എഴുതിവച്ച കവിതകൾ ഒരു പുസ്തകമാക്കുകയായിരുന്നു എന്ന് ഒരു സഹയാത്രികയായ ബ്ലോഗർക്ക് നൽകിയ അഭിമുഖത്തിൽ വിസ്മയ പറഞ്ഞിരുന്നു.