'അയാൾ അങ്ങനെ ജയിക്കുമ്പോൾ പരാജയപ്പെടുന്നത് ഇപ്പുറം നിൽക്കുന്ന നടനാകും' ജഗതീ ശ്രീകുമാറിന്റെ അഭിനയ ശൈലിയെ വിമർശിച്ച് ലാൽ

അഭിനയിക്കുമ്പോൾ സ്ക്രിപ്റ്റിൽ ഉള്ള ഡയലോകുകൾക്ക് അപ്പുറം സന്ദർഭത്തിന് അനുസരിച്ചുള്ള ഡയലോഗുകൾ കയ്യിൽ നിന്നിട്ട് പറയുന്ന നാടനാണ് എന്ന് ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ജഗതി ശ്രീകുമാർ.ഇപ്പോഴിതാ അദ്ദേഹത്തിന്റെ അത്തരം അഭിനയരീതിയിൽ വിമർശനമുയർത്തുകയാണ് നടനും സംവിധായകനുമായ ലാൽ. സംവിധാകനെ മുൻകൂട്ടി അറിയിക്കാതെ സ്വന്തം കൈയിൽനിന്നിട്ട് അഭിനയിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത കാര്യമാണെന്ന് ലാൽ പറഞ്ഞു. ഏത് വലിയ നടനാണെങ്കിലും കൈയിൽനിന്നിട്ട് അഭിനയിക്കുന്നത് കഴിവായും മിടുക്കായും കാണാൻ കഴിയില്ല. അങ്ങനെ ചെയ്താൽ, സ്വന്തമായി അഭിനയിക്കുന്ന നടൻ വിജയിക്കുമ്പോൾ അപ്പുറത്തുള്ളയാൾ പരാജയപ്പെടുമെന്നും ലാൽ പറഞ്ഞു. 'കേരള ക്രൈം ഫയൽസ്' വെബ് സീരീസിന്റെ രണ്ടാം സീസണിന്റെ റീലിസിനോട് അനുബന്ധിച്ച് പ്രൊമോഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലാൽ.
'അമ്പിളി ചേട്ടനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗുകൾ പറയും, ചില മൂവ്മെൻറുകൾ ഇടുമെന്ന്. അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തുകഴിഞ്ഞാൽ ഡയറക്ടർ നിർബന്ധമായും പറയണം, ഒന്നുകിൽ പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്ന് പറയണം. അല്ലെങ്കിൽ നന്നായിരുന്നു അതുകൊണ്ട് ഓക്കേ എന്ന് പറയണം. അതല്ലെങ്കിൽ, അത് വേണ്ടാ എന്ന് പറഞ്ഞിട്ട് മാറ്റണം.
അതല്ലാതെ അതൊരു കഴിവായും മിടുക്കായും വെക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. അത് ഏത് വലിയ നടനാണെങ്കിലും. അത് സീനിനെ ഹർട്ട് ചെയ്യുമോ എന്നതിനേക്കാൾ ഉപരി, കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകളുണ്ട്. നമ്മൾ ഒരുകാര്യം തീരുമാനിച്ചുറപ്പിച്ചാണ് പോയിരിക്കുന്നത്. ഡയലോഗ് ഇങ്ങനെ, അയാൾ പറഞ്ഞ് നിർത്തുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്, ആ വാക്ക് ബന്ധപ്പെടുത്തിയായിരിക്കും ഞാൻ ഡയലോഗ് പറയുന്നത്. ആ കണക്ഷൻ നഷ്ടപ്പെട്ടുകഴിഞ്ഞാൽ നമുക്ക് പറയാൻ ബുദ്ധിമുട്ട് വരും. ചിലപ്പോ നമ്മൾ പറഞ്ഞ് ഒപ്പിക്കുമായിരിക്കും, പക്ഷേ അത് പറഞ്ഞ് ഒപ്പിക്കലാവും. അപ്പോൾ ദുർബലമാകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കും ഇവിടെ ഒരാൾ പരാജയപ്പെടും. അതുകൊണ്ട്, സ്വന്തമായി ഇടുന്നത് ഒട്ടും നല്ല കാര്യമല്ല':- ലാലിന്റെ വാക്കുകൾ