ഭാര്യയാകുന്നതിന് മുമ്പ് ജ്യോതിർമയി ആരായിരുന്നു? വാദപ്രതിവാദങ്ങളുമായി റിമ കല്ലിങ്കൽ

‘ബോഗയ്ൻവില്ല’ ചിത്രത്തിലെ ജ്യോതിർമയിയുടെ ലുക്കും ആറ്റിറ്റിയൂഡും ചർച്ചയാകുന്നു. ‘സ്തുതി’ എന്ന ഗാനത്തിലെ ജ്യോതിർമയിയുടെ ബോൾഡ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ജ്യോതിർമയിയെ പരിഹസിച്ച് കമന്റിട്ട വ്യക്തിക്ക് നടി റിമ കല്ലിങ്കൽ നൽകിയ മറുപടിയാണ് വൈറലാകുന്നത്. റിമയുടെ മറുപടിയെ പ്രതികൂലിച്ച് എത്തിയവർക്ക് കടുത്ത മറുപടികളും നടി നൽകുന്നുണ്ട്.
ജ്യോതിർമയിയുടെ പ്രകടനത്തെ അഭിനന്ദിച്ച് റിമ പങ്കുവച്ച പോസ്റ്റിന് താഴെയുള്ള പരിഹാസ കമന്റിന് റിമ മറുപടി കൊടുത്തതോടെയാണ് വാദപ്രതിവാദങ്ങളുടെ തുടക്കം. ‘ആഹാ… ആരാണ് ഇപ്പോൾ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നത്! എന്നത്തെയും പോലെ കാപട്യവും ഇരട്ടത്താപ്പും!’ എന്നാണ് ശ്രീധർ ഹരി എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നെത്തിയ കമന്റ്.
ജ്യോതിർമയിയെ സിനിമയിൽ കാസ്റ്റ് ചെയ്തത് എങ്ങനെയാണ് നെപ്പോട്ടിസമാവുക എന്ന സംശയം ഉന്നയിച്ച് റിമ കമന്റ് ചെയ്തതോടെ സംവാദം ആരംഭിക്കുകയായിരുന്നു. റിമയെ നായികയാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ച’ത്തെ പരാമർശിച്ചു കൊണ്ടാണ് അതിന് ശ്രീധർ ഹരി മറുപടി നൽകിയത്.
സംവിധായകൻ അമൽ നീരദിന്റെ ഭാര്യ ആയതു കൊണ്ടാണ് ജ്യോതിർമയിയെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്നും നെപ്പോട്ടിസത്തിന്റെ നിർവചനം പരിശോധിക്കാനും റിമയോട് ആവശ്യപ്പെട്ടതോടെ ആരാധകരും മറുപടികളുമായെത്തി. എന്നാൽ ജ്യോതിർമയി ആരുടെയെങ്കിലും ഭാര്യ ആകുന്നതിന് മുമ്പ് ആരായിരുന്നു എന്ന് പരിശോധിക്കാനാണ് റിമ പറഞ്ഞിരിക്കുന്നത്.
‘ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങളോ കുടുംബപാരമ്പര്യമോ ഇല്ലാതെയാണ് ജ്യോതിർമയി സിനിമയിലെത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം സ്വന്തം പങ്കാളിയുടെ പിന്തുണയോടെ ഇൻഡസ്ട്രിയിലേക്ക് തിരിച്ചെത്തുന്നത് സ്വജനപക്ഷപാതമല്ല. സ്വജനപക്ഷപാതത്തിന്റെ നിർവചനത്തിന് ഇത് യോജിക്കുന്നില്ല’ എന്നാണ് റിമയെ പിന്തുണച്ച ആരാധകൻ പങ്കുവച്ച കുറിപ്പ്.