ചിപ്പി എന്തുകൊണ്ട് സിനിമയിൽ അഭിനയിക്കുന്നില്ല: സംശയങ്ങൾക്ക് മറുപടി നൽകി ഭർത്താവ് രഞ്ജിത്

മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ചിപ്പി. ചെയ്ത് വച്ചിട്ടുള്ള ചുരുക്കം ചില കഥാപാത്രങ്ങൾ കൊണ്ടാണ് ചിപ്പി ആ ഇഷ്ടം പിടിച്ചെടുത്തത്. പഴയ കാലത്തെ ചിത്രങ്ങളിൽ അഭിനയിച്ചതൊഴിച്ചാൽ പുതിയതായി ഇറങ്ങുന്ന ചിത്രങ്ങളിൽ ഒന്നും തന്നെ ചിപ്പി അഭിനയിച്ച് കണ്ടിട്ടില്ല. ചിപ്പിയുടെ ഭർത്താവ് എം രഞ്ജിത് മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവാണ് . രജപുത്ര വിശ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത് നിർമ്മിച്ച ചിത്രങ്ങളിൽ ഏറെയും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഏറ്റവും ഒടുവിൽ രജപുത്രയുടെ ബാനറിൽ നിർമ്മിച്ച, നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മോഹൻ ലാലും ശോഭനയും ഒന്നിച്ചെത്തിയ 'തുടരും' മികച്ച പ്രേക്ഷക പ്രശംസയിൽ മുന്നേറുകയാണ്.
രജപുത്രയുടെ ബാനറിൽ ഭർത്താവ് രഞ്ജിത്തിന്റെ നിർമ്മാണത്തിൽ ഇത്രയധികം ഹിറ്റുകൾ മലയാളത്തിൽ ഉണ്ടായിട്ടും അതിലൊന്നും അഭിനയിക്കാൻ താൽപ്പര്യം കാണിക്കാത്ത ചിപ്പിയെ കുറിച്ച് പലപ്പോഴും സോഷ്യൽ മീഡിയ ചർച്ച ചെയ്തിട്ടുണ്ട്. അഭിനയിക്കാനുള്ള കഴിവ് ഉണ്ടായിരുന്നിട്ടും സ്വന്തം പ്രശസ്തിക്കായി ഭർത്താവ് നിർമ്മിക്കുന്ന സിനിമകൾ ഉപയോഗിക്കാത്തതിനെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ എന്തുകൊണ്ട് താൻ നിർമ്മിക്കുന്ന ചിത്രങ്ങളിൽ ഭാര്യ ചിപ്പി അഭിനയിക്കുന്നില്ല എന്ന് തുറന്ന് പറയുകയാണ് രഞ്ജിത്ത്. തങ്ങൾ ചെയ്യുന്ന സിനിമ നന്നാകണം എന്ന് മാത്രമേ ചിപ്പിക്കുള്ളു എന്നാണ് രഞ്ജിത് പറയുന്നത്. തുടരും സിനിമയുടെ തുടക്കം മുതൽ ഈ 12 വർഷവും തന്നോടൊപ്പം നിന്ന ആളാണ് ചിപ്പി എന്നും അതുകൊണ്ട് സിനിമ നന്നാകാനുള്ള കാര്യങ്ങൾ മാത്രമേ ചിപ്പി പറയു എന്നുമാണ് രഞ്ജിത് പറയുന്നത്.
നമ്മുടെ സിനിമയിൽ കയറി അഭിനയിക്കണം അങ്ങനെയുള്ള ആഗ്രഹങ്ങൾ ഒന്നും ഇല്ല. സിനിമ നന്നാകണം എന്ന് മാത്രമേ ഉള്ളു. ഞങ്ങളുടെ കുടുംബം മുഴുവൻ അങ്ങനെയാണ്. എല്ലാവര്ക്കും സിനിമയോട് വലിയ താല്പര്യമാണ്. സിനിമ നാന്നാകാൻ വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കുന്നത്. എന്റെ മകൾ അവന്തിക ഈ സിനിമയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു. മകൾക്കും പ്രൊഡക്ഷനിലാണ് താൽപ്പര്യം' എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് പറഞ്ഞത്.