കേസുകളും വിവാദങ്ങളും നിറഞ്ഞ ഭൂതകാലം: മുമ്പ് ഭാര്യയെ പീഡിപ്പിച്ചതിന് ജയിലിൽ,ദർശൻ എന്ന 'സാൻഡൽവുഡ് റൗഡി'
മുതിർന്ന കന്നഡ നടൻ തൂഗുദീപ ശ്രീനിവാസിൻ്റെ മകനാണ് ദർശൻ. 2001-ൽ മജസ്റ്റിക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ട ദർശൻ മികച്ച നടനുള്ള കർണാടക സർക്കാരിൻറെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
കന്നഡ സിനിമയിലെ സൂപ്പർതാരം, നിർമാതാവ്, മികച്ച അഭിനയം.....ഇങ്ങനെ ദർശൻ എന്ന താരപുത്രന് വിശേഷണങ്ങൾ ഏറെയാണ്.എന്നാൽ വ്യക്തിജീവിതത്തിലേയ്ക്ക വരുമ്പോൾ കാര്യങ്ങൾ അത്ര നല്ലതല്ല.സാൻഡൽവുഡിലെ റൗഡി എന്ന് വിളിക്കുന്ന ദർശൻ താൻ അഭിനയിച്ച സിനിമകളെക്കാൾ കേസുകളുടെ എണ്ണത്തിലാണ് മുന്നിൽ.
നിയമപരവും പരസ്യവുമായ വിവാദങ്ങളിൽ ഇടപെട്ട് പതിവായി വാർത്തകളിൽ ഇടം നേടിയിട്ടുള്ള താരമെന്ന ഖ്യാതിയും ദർശനുണ്ട്.ഗാർഹിക പീഡനം, അവിഹിതം, വിവാദ പരാമർശങ്ങൾ..ദർശന് പിടിച്ച പുലിവാലുകൾക്ക് കയ്യും കണക്കുമില്ല.ഇപ്പോഴിതാ കൊലപാതകവും. സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചതിൻറെ പേരിലാണ് രേണുക സ്വാമി എന്ന 33കാരനെ കൊന്ന് മൃതദേഹം ഓടയിൽ തള്ളിയത്. ഗൂഢാലോചനയിൽ ദർശന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക്കേസിൽ ചൊവ്വാഴ്ചയാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മൈസൂരിലെ ഫാം ഹൗസിൽ നിന്നാണ് ദർശനെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജൂൺ 8നാണ് രേണുക സ്വാമി കൊല്ലപ്പെടുന്നത്. പിറ്റേദിവസം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ചിത്രദുർഗയിലെ അപ്പോളോ ഫാർമസി ശാഖയിൽ ജോലി ചെയ്യുകയായിരുന്നു രേണുക സ്വാമി.സ്വാമി പവിത്രക്ക് അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്ന് മനസിലാക്കിയ ദർശൻ ചിത്രദുർഗയിലെ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റിനെ ഫോണിൽ വിളിച്ചു. ചിത്രദുർഗയിൽ നിന്ന് നഗരത്തിലെത്തിച്ച രേണുക സ്വാമിയെ ശനിയാഴ്ച ഷെഡിനുള്ളിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയിൽ തള്ളുകയായിരുന്നു. മകനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകിയെങ്കിലും രണ്ട് ദിവസം കൂടി കാത്തിരിക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. സ്വാമിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ കസ്റ്റഡിയിലെടുത്തത്.
2011ൽ ഭാര്യ വിജയലക്ഷ്മിയെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്തത് മുതൽ എക്‌സൈസ് നിയമപ്രകാരം നിയമലംഘനം നടത്തിയെന്ന ആരോപണങ്ങൾ വരെ ദർശൻ്റെ ഓഫ് സ്‌ക്രീൻ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.2011ൽ ഭാര്യ വിജയലക്ഷ്മിയെ ആക്രമിച്ചതിന് വിജയനഗർ പോലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ദർശൻ അറസ്റ്റിലായത്. ജാമ്യം ലഭിക്കുന്നതിന് മുമ്പ് അദ്ദേഹം നിരവധി ദിവസം പോലീസ് കസ്റ്റഡിയിലും ബാംഗ്ലൂർ സെൻട്രൽ ജയിലിലും കഴിഞ്ഞിട്ടുണ്ട്.
2016ൽ ദർശൻ തൻ്റെ വസതിക്ക് പുറത്ത് ബഹളമുണ്ടാക്കുകയും തൻ്റെ അപ്പാർട്ട്‌മെൻ്റിലേക്ക് ബലമായി കടക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന് വിജയലക്ഷ്മി പോലീസിൽ റിപ്പോർട്ട് ചെയ്തതോടെയാണ് വിവാദം വീണ്ടും ഉയർന്നത്.2020 ഫെബ്രുവരി 16 ന് തൻ്റെ 43-ാം ജന്മദിനാഘോഷത്തിനിടെ, നടൻ്റെ വസതിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ 26 കാരനായ ദേവരാജ് ഡിആർ എന്ന പോലീസ് കോൺസ്റ്റബിളിനെ ദർശൻ്റെ ആരാധകർ ആക്രമിച്ചു.കോൺസ്റ്റബിളിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു, ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റത്തിന് ദർശൻ കടുത്ത വിമർശനം നേരിട്ടിരുന്നു.
2023 ഒക്ടോബർ 28 ന് ആർആർ നഗർ പോലീസ് സ്റ്റേഷനിൽ മറ്റൊരു എഫ്ഐആർ ഫയൽ ചെയ്തപ്പോൾ ദർശൻ വീണ്ടും വാർത്തകളിൽ ഇടംനേടി. താമസസ്ഥലത്തിനടുത്തുള്ള ഒരു സ്ത്രീയെ കടിക്കാൻ ദർശൻ തൻ്റെ നായയെ അനുവദിച്ചുവെന്നായിരുന്നു പരാതി.ഈ വർഷം ജനുവരിയിൽ ബെംഗളൂരുവിലെ ജെറ്റ്‌ലാഗ് ബാറിലും ഗ്രില്ലിലും അനുവദനീയമായ സമയത്തിനപ്പുറം പാർട്ടി നടത്തിയെന്നാരോപിച്ച് ദർശനെയും ‘കാറ്റേര’ സിനിമയുടെ അണിയറപ്രവർത്തകരെയും പൊലീസ് വിളിപ്പിച്ചിരുന്നു.
2021ൽ മൈസൂരിലെ ഒരു ഹോട്ടലിലെ തൊഴിലാളിയെ ദർശൻ ആക്രമിച്ചതായി മാധ്യമപ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവുമായ ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചിരുന്നു. ഇരയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപ നൽകിയതോടെ സംഭവം ഒതുക്കി.ഇത്തരത്തിൽ വിവിധ കേസുകളും വിവാദങ്ങളും ദർശന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്, ഇപ്പോഴിതാ കൊലപാതകവും.