ഞെട്ടിക്കാൻ ജൂനിയർ എൻടിആർ; 'ദേവര' സെപ്റ്റംബറിൽ തിയേറ്ററുകളിലേയ്ക്ക്
ജൂനിയർ എൻടിആർ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ദേവര’ സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തും. സെപ്റ്റബർ 27-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അണിയറപ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബർ 10-ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.കൊരട്ടല ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ജാൻവി കപൂർ, സെയ്ഫ് അലി ഖാൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
ചിത്രത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പുതിയ പോസ്റ്ററോടെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്. “അവൻ നേരത്തെ എത്തുന്നു, എല്ലാവർക്കും മുന്നറിയിപ്പ് നൽകുക” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.രണ്ട് ഭാഗങ്ങളായാണ് ദേവര പുറത്തിറങ്ങുന്നത്. യുവസുധ ആർട്‌സും എൻടിആർ ആർട്‌സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അനിരുദ്ധ് രവിചന്ദറായിരിക്കും സംഗീത സംവിധാനം നിർവഹിക്കുന്നത്.