പവൻ കല്യാണിന്റെ അന്ന ഫ്രം റഷ്യ വിത്ത് ലൗ
നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ പവൻ കല്ല്യാണിന്റെ ജന സേനാ പാർട്ടി മികച്ച വിജയമാണ് സ്വന്തമാക്കിയത്. പിതാപുരം മണ്ഡലത്തിൽ നിന്ന് വിജയിച്ച പവൻ കല്ല്യാൺ ആന്ധ്രാ പ്രദേശിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള പവൻ കല്ല്യാണിന്റെ ചുവടുവെപ്പ് ആവേശത്തോടെയാണ് കുടുംബം വരവേറ്റത്.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വീട്ടിലെത്തിയ പവൻ കല്ല്യാണിനെ ആരതിയുഴിഞ്ഞാണ് ഭാര്യ അന്ന സ്വീകരിച്ചത്. പവനും അന്നയും വിവാഹമോചിതരായെന്നും അന്ന വിദേശത്തേക്ക് താമസം മാറ്റിയെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞാണ് പുതിയ വീഡിയോ വൈറലായത്. പവൻ കല്ല്യാണിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം റഷ്യക്കാരിയായ അന്ന സജീവമായി പങ്കെടുത്തിരുന്നു.
1997-ലാണ് പവൻ കല്യാണിന്റെ ആദ്യ വിവാഹം നടന്നത്. 19-കാരിയായ നന്ദിനിയേയാണ് നടൻ വിവാഹം ചെയ്തത്. കുടുംബാംഗങ്ങൾ മുൻകൈയെടുത്ത് നടത്തിയ വിവാഹബന്ധം 2008-ൽ അവസാനിച്ചു. നടി രേണു ദേശായിയുമായുള്ള ബന്ധമാണ് ഈ വിവാഹമോചനത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തൊട്ടടുത്ത വർഷം പവൻ, രേണുവിനെ വിവാഹം ചെയ്യുകയും ചെയ്തു. 2012-ൽ ആ വിവാഹവും അവസാനിച്ചു. അകിറ നന്ദൻ, ആദ്യ എന്നിങ്ങനെ പേരുള്ള രണ്ട് കുട്ടികൾ ഈ ബന്ധത്തിലുണ്ട്. അതിനുശേഷം 2013-ലാണ് അന്നയുമായുള്ള പവന്റെ വിവാഹം.
റഷ്യൻ സ്വദേശിയായ അന്ന മോഡലിങ്ങിലും അഭിനയത്തിലും സജീവമായിരുന്നു. തീൻ മാർ എന്ന സിനിമയുടെ ചിത്രീകരണത്തിനെയാണ് അന്നയുമായി പവൻ കല്യാൺ പ്രണയത്തിലാകുന്നത്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. പൊലേന അഞ്ജന പവാനോവ, മാർക്ക് ശങ്കർ പവാനോവിച്ച് എന്നിവരാണ് മക്കൾ. മോഡലിങ്ങ് കൂടാതെ വലിയ ഹോട്ടൽ ശൃംഖലയുടെ ഉടമ കൂടിയാണ് അന്ന. റഷ്യയിലും സിംഗപ്പൂരിലുമായി 1800 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ ഉണ്ടെന്നാണ് വിവരം.