അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്, പ്രഭാസിന്റെ ഹൊറര്‍ - ഫാന്റസി ചിത്രം 'രാജാസാബി'ന്റെ റിലീസ് ദിനത്തില്‍ മാറ്റമില്ല: ഔദ്യോഗിക പ്രസ്താവനയിറക്കി നിര്‍മ്മാതാക്കള്‍

ചിത്രം 2026 ജനുവരി 9-ന് തന്നെ സംക്രാന്തി റിലീസായി ലോകമെമ്പാടും റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കളായ പീപ്പിള്‍ മീഡിയ ഫാക്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു.

Starcast : Prabhas, Sanjay Dutt, Boman Irani, Serena Vahab, Malavika Mohan

Director: Maruthi

( 0 / 5 )

കോരിത്തരിപ്പിക്കുന്ന ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറര്‍ - ഫാന്റസി ചിത്രം 'രാജാസാബ്' തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്ന പ്രതീക്ഷകള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വൈകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ചിത്രത്തിന്റെ റിലീസിന് യാതൊരു കാലതാമസമില്ലെന്നും പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ കൃത്യമായും ഏവരേയും ഏകോപിപ്പിച്ചും നടന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്. നിശ്ചയിച്ച റിലീസ് തീയതിയില്‍ നിന്ന് സിനിമ വീണ്ടും മാറ്റിവെച്ചതായി നിരവധി റിപ്പോര്‍ട്ടുകളും സാമൂഹിക മാധ്യമ പോസ്റ്റുകളും കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ചിത്രം 2026 ജനുവരി 9-ന് തന്നെ സംക്രാന്തി റിലീസായി ലോകമെമ്പാടും റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കളായ പീപ്പിള്‍ മീഡിയ ഫാക്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു.

'റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ വരാനിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ദി രാജാ സാബിന്റെ റിലീസ് പദ്ധതികളെക്കുറിച്ചുള്ള നിലവിലുള്ള ഊഹാപോഹങ്ങളോട് പ്രതികരിച്ചുകൊണ്ട്, 2026-ലെ സംക്രാന്തി റിലീസില്‍ നിന്ന് മാറ്റിവെച്ചു എന്ന തരത്തിലുള്ള എല്ലാ അഭ്യൂഹങ്ങളും തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ടീം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. 'ദി രാജാ സാബ്' ഔദ്യോഗികമായി പ്രഖ്യാപിച്ചതുപോലെ, 2026 ജനുവരി 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും,' പ്രസ്താവനയില്‍ പറയുന്നു.

'ഉന്നതമായ സാങ്കേതിക നിലവാരം നിലനിര്‍ത്തിക്കൊണ്ട് യാതൊരു കാലതാമസം കൂടാതെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്, ലോകം മുഴുവനുമുള്ള സിനിമാസ്വാദകര്‍ക്ക് ഒരു ഗംഭീര ദൃശ്യാനുഭവം ഒരുക്കാനായാണ് ചിത്രം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എല്ലാ അഭ്യൂഹങ്ങളും തള്ളിക്കളഞ്ഞേക്കൂ, ഈ വരുന്ന സംക്രാന്തി നല്‍കുന്ന വിസ്മയകരമായ അനുഭവത്തിനായി കാത്തിരിക്കൂ. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളടക്കം ഉടന്‍ ആരംഭിക്കാനായി ഇരിക്കുകയുമാണ്' പീപ്പിള്‍ മീഡിയ ഫാക്ടറി അറിയിച്ചിരിക്കുകയാണ്.

ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ പാന്‍ - ഇന്ത്യന്‍ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ 'രാജാസാബ്' തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. ബോക്‌സോഫീസ് വിപ്ലവം തീര്‍ത്ത കല്‍ക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്തൊരു സൂപ്പര്‍ നാച്ച്വറല്‍ ദൃശ്യ വിരുന്ന് തന്നെയാകും എന്നാണ് ലഭിക്കുന്ന സൂചനകള്‍.

പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. ഫാമിലി എന്റര്‍ടെയ്നറായെത്തിയ 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ രാജാ സാബ്'.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്ന രാജാസാബ് പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മ്മാതാവ്. തമന്‍ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സ്, കിംഗ് സോളമന്‍, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആര്‍.സി. കമല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ് എന്‍ കെ, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.

Bivin
Bivin  
Related Articles
Next Story