ദുല്‍ഖര്‍ സല്‍മാന്‍ - സെല്‍വമണി സെല്‍വരാജ് ചിത്രം 'കാന്ത' ട്രെയ്ലര്‍ പുറത്ത്, ആഗോള റിലീസ് നവംബര്‍ 14 ന്

ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരിക്കും ഈ ചിത്രത്തില്‍ ഉണ്ടാവുക എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കുന്നത്.

Starcast : Dulquer Salmaan, Samuthirakani, Bhagyasree, Rana Daggubati

Director: Selvamani Selvaraj

( 0 / 5 )

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത' യുടെ ട്രെയ്ലര്‍ പുറത്ത്. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായെത്തും. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരിക്കും ഈ ചിത്രത്തില്‍ ഉണ്ടാവുക എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കുന്നത്. ടി കെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത് എന്നും ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് വേഫറെര്‍ ഫിലിംസ് തന്നെയാണ്.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് 'കാന്ത' കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി അഭിനയിച്ചിരിക്കുന്നതെന്നും ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.

ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. ഇവക്കൊപ്പം മഹാദേവന്‍, കുമാരി എന്നീ കഥാപാത്രങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രണയത്തിനും ചിത്രത്തില്‍ പ്രാധാന്യമുണ്ടെന്ന് ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ഒരു മികച്ച സിനിമാനുഭവം നല്‍കുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലര്‍ ആയിരിക്കും 'കാന്ത' എന്നാണ് ഇതിന്റെ ടീസര്‍, ട്രെയ്ലര്‍ എന്നിവ സൂചിപ്പിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് കാന്തയുടെ സംവിധായകനായ സെല്‍വമണി സെല്‍വരാജ്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് 'കാന്ത'. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്, ലൈന്‍ പ്രൊഡ്യൂസര്‍ - ശ്രാവണ്‍ പലപര്‍ത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അര്‍ച്ചന റാവു, ഹര്‍മന്‍ കൗര്‍, സൗണ്ട് ഡിസൈന്‍ - ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ, അഡീഷണല്‍ തിരക്കഥ - തമിഴ് പ്രഭ, വിഎഫ്എക്‌സ് - ഡെക്കാണ്‍ ഡ്രീംസ്, ഡിഐ കളറിസ്റ്റ് - ഗ്ലെന്‍ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈന്‍ - എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആര്‍ഒ- ശബരി.

Bivin
Bivin  
Related Articles
Next Story