ഹ്യൂഗോ മനം കവരും, മരിയാനോ മായില്ല ; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മരിയാനാസ് റൂം

ഹോളോകോസ്റ്റ് പ്രമേയമായി നിരവധി സിനിമകള്‍ പുറത്തു വന്നിട്ടുണ്ട്. ഫിങ്കിയേല്‍ തന്നെ രണ്ട് സിനിമകള്‍ ഇതിനു മുമ്പും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രേക്ഷക മനസിലേയ്ക്ക് ഇത്രയധികം കടന്നു കയറിയ മറ്റൊരു സിനിമ ഇല്ലെന്നു തന്നെ പറയാം.

Starcast : Kerala Chalachithra Academy

Director: IFFK 2025

( 0 / 5 )

അരവിന്ദ്

ഏറ്റവും കലുഷിതമായ കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്താന്‍ സൃഷ്ടിച്ചെടുത്ത കാല്‍പ്പനിക ലോകം പ്രേക്ഷകനുള്ളില്‍ നോവായി പടര്‍ത്തിയാണ് ഇമ്മാനുവല്‍ ഫിങ്കിയേലിന്റെ ഇസ്രായേലി ചിത്രം മരിയാനാസ് റൂം അവസാനിക്കുന്നത്. തിയറ്റര്‍ വിട്ടാലും 13കാരന്‍ ഹ്യൂഗോയും അവന്റെ രക്ഷകയായ മരിയാനയും പ്രേക്ഷക മനസില്‍ നിന്നും മായില്ല. ഹോളോകോസ്റ്റ് പ്രമേയമായി നിരവധി സിനിമകള്‍ പുറത്തു വന്നിട്ടുണ്ട്. ഫിങ്കിയേല്‍ തന്നെ രണ്ട് സിനിമകള്‍ ഇതിനു മുമ്പും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രേക്ഷക മനസിലേയ്ക്ക് ഇത്രയധികം കടന്നു കയറിയ മറ്റൊരു സിനിമ ഇല്ലെന്നു തന്നെ പറയാം. 1997 ല്‍ റിലീസാകുകയും ഓസ്‌കാര്‍ അടക്കമുള്ള വേദികളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും കേരള രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത റോബര്‍ട്ടോ ബെനിജ്‌നിയുടെ ലൈഫ് ഈ ബ്യൂട്ടിഫുള്‍ എന്ന ഇറ്റാലിയന്‍ സിനിമയോട് ചില സാദൃശ്യങ്ങള്‍ തോന്നുമെങ്കിലും അനുകരണമാണെന്ന് പറയാനാകില്ല. നാസി ക്യാമ്പില്‍ അകപ്പെടുന്ന പിതാവ് സ്വന്തം മകനെ നാസി പട്ടാളത്തില്‍ നിന്നും മറച്ചു വയ്ക്കുന്നതാണ് ലൈഫ് ഈ ബ്യൂട്ടിഫുളിന്റെ പ്രമേയം. ദുരന്തപര്യവസായിയായിരുന്നു ലൈഫ് ഈ ബ്യൂട്ടിഫുള്‍.

നാസി പട്ടാളത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് മുമ്പ് മകനെ വേശ്യാലയത്തിലെ മരിയാന ഏല്‍പ്പിക്കുകയാണ് അമ്മ. ജര്‍മ്മന്‍ പട്ടാളക്കാര്‍ ഇടപാടുകാരായി എത്തുന്ന ഇവിടെ ഹ്യൂഗോയെ ഒളിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. അലമാരയ്ക്കുള്ളിലിരുന്ന് വേശ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുന്ന ഹ്യൂഗോ സ്വന്തം ചിന്തകളില്‍ പുതിയ മാറ്റങ്ങള്‍ കാണുകയാണ്. ജനലിലൂടെ പുറത്തെ സംഭവ വികാസങ്ങള്‍ വീക്ഷിക്കുമ്പോഴും 13 കാരന്‍ സ്വന്തം വീക്ഷണം ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ രക്ഷകയുമായുള്ള സ്‌നേഹത്തിന്റെ ആഴം കൂടിക്കൊണ്ടേയിരിക്കും. ഇരുവര്‍ക്കും പിരിയാനാകാത്ത സ്ഥിതിയിലെത്തുകയും ചെയ്യും. ഈ ഘട്ടത്തില്‍ 13 കാരനെ ആഗ്രഹ സാഫല്യത്തിന് മരിയാന ഉപയോഗിക്കാന്‍ ശ്രമിക്കുകയാണോ എന്ന ചിന്ത പ്രേക്ഷകനില്‍ പടരുകയും ചെയ്യും. എന്നാല്‍ ഒരിക്കലും പിഡോഫീലിയ തലത്തിലേയ്ക്ക് സിനിമ അധഃപതിക്കുന്നില്ല. പ്രേക്ഷകരുടെ ആത്മസംഘര്‍ഷങ്ങളില്‍ നിന്നുത്ഭവിക്കുന്ന ചിന്ത മാത്രമായിരിക്കും അത്.തന്ത്രപരമായി പ്രേക്ഷകനെ ആകുലതപ്പെടുത്തുന്നതില്‍ സംവിധായകന്‍ വിജയിക്കുക തന്നെ ചെയ്തു.

വൈകാരികമായ നിരവധി തലങ്ങളിലേയ്ക്ക് പ്രേക്ഷകനെ സിനിമ കൂട്ടിക്കൊണ്ടു പോകുന്നു. ഒരിക്കല്‍ പോലും സിനിമയില്‍ നിന്നും മാറി ചിന്തിക്കാന്‍ അനുവദിക്കാതെ പ്രേക്ഷകനെയും കഥാപാത്രങ്ങളെയും അദൃശ്യമായ ഒരു ചങ്ങലയില്‍ കൊരുത്തിടാന്‍ ഇമ്മാനുവല്‍ ഫിങ്കിയേലിന് കഴിഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത് ആരോണ്‍ അപ്പല്‍ഫെഡിന്റെ ബ്ലൂംസ് ഓഫ് ഡാര്‍ക്ക്‌നെസ് എന്ന വിഖ്യാതമായ പുസ്തകമാണ്. ലോക ശ്രദ്ധ ആകര്‍ഷിക്കുകയും ലക്ഷകണക്കിന് ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത ബ്ലൂംസ് ഓഫ് ഡാര്‍ക്ക്‌നെസ് ഒരു സിനിമയാക്കി മാറ്റുമ്പോള്‍ വലിയൊരു വെല്ലുവിളിയാണ് സംവിധായകനു മുന്നിലുള്ളത്. എന്നാല്‍ പുസ്തകത്തെ അധികരിച്ചുവെന്നല്ലാതെ വൈകാരികമായി ലക്ഷകണക്കിന് പേരെ ആരാധകരാക്കി മാറ്റിയ നോവലിനെ അതേപടി സിനിമയാക്കുകയായിരുന്നില്ല ഫിങ്കിയേല്‍. ആദ്യ ദിനം തന്നെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രതിനിധികള്‍ക്ക് മികച്ച അനുഭവം നല്‍കുന്ന സിനിമയായി മരിയാനാസ് റൂം മാറി.

ഇനിയും കാണാം

ഡിസംബര്‍ 15 തിങ്കള്‍ - ഏരീസ് പ്ലക്‌സ് സ്‌ക്രീന്‍ 4 : രാവിലെ 9.30

ഡിസംബര്‍ 17 ബുധന്‍ - കലാഭവന്‍ : രാത്രി 8.45

Bivin
Bivin  
Related Articles
Next Story