അധോലോകം, അടി, ഇടി, വെടി, പുക...! വീണ്ടും ഒരു ഡിറ്റക്റ്റീവ് ചിരി

Pet Detective Malayalam movie review



ഡോ. അനില്‍ കുമാര്‍ എസ്.ഡി.

പെറ്റ് ഡിറ്റക്റ്റീവ് കണ്ടു. രണ്ടു മണിക്കൂറില്‍ താഴെയുള്ള വെള്ളിത്തിരയിലെ ആയുസ്. ഷറഫുദീനും അനുപമാ പരമേശ്വരനും ശ്യാം മോഹനും ഭഗത് മാനുവലും വിനയ് ഫോര്‍ട്ടും വിജയരാഘവനും ഉള്‍പ്പെടെ മിന്നുന്ന താരനിര. പ്രനീഷ് വിജയന്റെ സംവിധാനം, ജയ് വിഷ്ണുവിന്റെ എഴുത്ത് രാജേഷ് മുരുകേശന്റെ സംഗീതം, ആനന്ദ് സി. ചന്ദ്രന്റെ ക്യാമറ, അഭിനവ് സുന്ദര്‍ നായിക്കിന്റെ എഡിറ്റിംഗ്. ഷറഫുദീനും ഗോകുലം ഗോപാലനും നിര്‍മ്മിച്ച ചിത്രം.

അധോലോകവും അടിയും ഇടിയും വെടിയും പുകയും കോമഡിയുടെ ലെന്‍സിലൂടെ നോക്കുന്ന ആഖ്യാന രീതി. ദീപാവലി ചിത്രമായതിനാല്‍ ഒത്തിരി ചിരി ഗുണ്ടുകള്‍, ചിരിമത്താപ്പുകള്‍, ചിരിപ്പടക്കങ്ങള്‍, ചിരി ഗര്‍ഭം കലക്കികളും. സംവിധായകനും തിരക്കഥാകൃത്തുകളും സ്വപ്നം കണ്ടതുപോലെ ഈ അമിട്ടുകള്‍ പൊട്ടിയിരുന്നെങ്കില്‍ ചിത്രം ബമ്പറടിച്ചേനേ.

തലമുറ മറന്ന് ജനം തിയേറ്ററിലേക്ക് ഒഴുകിയേനെ. എന്നാല്‍ അങ്ങനെ സംഭവിച്ചോ എന്ന് സംശയം. എന്താണ് വെടി മരുന്നിനും വാതം വന്നത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

ക്യാമറയും ആംഗിളും കഥയും താരങ്ങളും ശരിയായി വിന്യസിച്ചാലും ചിരിപ്പടക്കം പൊട്ടിപ്പടരാത്ത മാജിക് എന്താണ്? ചിത്രവും കിലുക്കവും റാംജിറാവു സ്പീക്കിംഗും ചിരിയമിട്ടുകളായി എങ്ങനെയാണ് മാറിയത്. ചിരിയുടെ രസതന്ത്രം പുതുമയും കാലവും കരവിരുതും ചേര്‍ന്ന ലഹരിയാണ്. അതിന്റെ അകാലത്തിലെ കമ്പപ്പുര മഴ നനഞ്ഞ് ചീറ്റിപ്പോകും. നിരനിരയായി അമിട്ട് കത്തിച്ച് മനസ്സില്‍ മത്താപ്പൂവാകാതെ ഇടയ്ക്കിടെ ചീറ്റിച്ചീറ്റി മുഷിപ്പിക്കും. പെറ്റ് ഡിറ്റക്റ്റീവിനും സംഭവിച്ചത് ഇതാണ്.

മികച്ച അഭിനേതാക്കളുടെ അഭിനയവും നല്ല ക്യാമറയും തരക്കേടില്ലാത്ത എഡിറ്റിംഗും പതറാത്ത സംവിധാനവും സിനിമയ്ക്ക് ഉണ്ടായിരുന്നു. കഥ ട്വിസ്റ്റുകളും സംഘട്ടനങ്ങളും സംഘര്‍ഷവും നിറഞ്ഞ് സിനിമാറ്റിക്കും ആയിരുന്നു. ചുരുക്കത്തില്‍ ഒരു ആവറേജ് മലയാളി പ്രേക്ഷകനെ തൃപ്തിപ്പെടുത്താനുള്ള ചേരുവകള്‍ സിനിമയ്ക്ക് ഉണ്ട്. അതുകൊണ്ട് കാണുന്നവര്‍ക്ക് ചിരിയും രസവും വരുത്താനും സിനിമയ്ക്ക് സാധിക്കും. എന്നാല്‍, ആ ചിരി രസങ്ങള്‍ ഒരു സംതൃപ്തിയായി പടര്‍ന്ന് വിജയമാക്കാന്‍ സിനിമയ്ക്ക് സാധിച്ചില്ല.

ചിരിയില്‍ ചിന്ത വേണ്ടെങ്കിലും ചിരി സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കും നിര്‍മ്മാതാവിനും ശരിയായ ചിന്ത വേണമെന്ന് പെറ്റ് ഡിറ്റക്റ്റീവ് ഓര്‍മ്മപ്പെടുത്തുന്നു.

Related Articles
Next Story