അടരുകളിലൂടെ അതിരുകള്‍ കടക്കുന്ന മുയലുകള്‍
മികച്ച പരീക്ഷണങ്ങളെ സമന്വയിപ്പിച്ച് ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റ്

ദുരൂഹത ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍, അതിനേക്കാള്‍ ദുരൂഹമായ കഥകള്‍... അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റ് ഇങ്ങനെ നിര്‍വചിക്കാം. സിനിമയ്ക്കുള്ളില്‍ നിര്‍മ്മിക്കപ്പെടുന്ന ഒരു സിനിമയാണ് താജിക്സ്ഥാനില്‍ നിന്നും എത്തിയ ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റ്. ഇറാനിയന്‍ ക്ലാസിക് ചിത്രം പുനര്‍ നിര്‍മ്മിക്കുന്ന സംവിധായകന്‍ അടക്കമുള്ളവര്‍ ചെന്നുപെടുന്ന ഊരാക്കുടുക്കുകളാണ് പ്രധാന പ്രമേയം. എന്നാല്‍ ഒരു കഥയല്ല, ഒന്നിലധികം കഥകള്‍ തന്ത്രപരമായി കൂട്ടിയിണക്കുന്നു സംവിധായകന്‍ ഷഹ്‌റാന്‍ മൊക്രി.
ദൈര്‍ഘ്യമേറിയ ഷോട്ടുകളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ജപ്പാന്‍ ചലച്ചിത്രകാരന്‍ ഷിനി ചിറോ ഉയെദയുടെ വണ്‍ കട്ട് ഓഫ് ദി ഡെഡ് എന്ന സിനിമയെ ഓര്‍മ്മിക്കുന്ന സങ്കേതമാണ് മൊക്രി ഉപയോഗിച്ചിരിക്കുന്നത്. ദീര്‍ഘമായ ഷോട്ടുകളിലൂടെ 2017 ഷിനി ചിറോ നിര്‍മ്മിച്ച വണ്‍ കട്ട് ഓഫ് ദി ഡെഡ് സിംഗിള്‍ ഷോട്ടുകളുടെ പാഠപുസ്തകമായിരുന്നു. അത്രത്തോളം എത്തിയിട്ടില്ലെങ്കിലും ദീര്‍ഘമായ ഒറ്റ ഷോട്ടുകള്‍ വിരസമാകാതിരിക്കാന്‍ മൊക്രി ശ്രദ്ധിച്ചിട്ടുണ്ട്. സിനിമയിലെ സംവിധായക കഥാപാത്രത്തിനുണ്ടാകുന്ന ആശയ കുഴപ്പവും ആശങ്കയും പ്രേക്ഷകനുമുണ്ടാകുന്നു. മറ്റൊരു കഥയിലേയ്ക്ക് സിനിമ തെന്നിമാറുമ്പോള്‍ ആണധികാരത്തിന്റെ കടന്നു കയറ്റത്തില്‍ തകരുന്ന ദാമ്പത്യത്തിന്റെ ദുരിതങ്ങള്‍ വിവരിക്കുന്നു. അപകടത്തില്‍ ശരീരം മുഴുവന്‍ ബാന്‍ഡേജ് ഇടാന്‍ നിര്‍ബന്ധിതമാകുന്ന സാറ, വീടിനുള്ളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്നു.
നിസാരമായ സംഭാഷണങ്ങള്‍ ദാമ്പത്യത്തെ ബാധിക്കുന്നതെങ്ങനെയെന്ന് സിനിമ അടയാളപ്പെടുത്തുന്നുണ്ട്. അപകടമല്ല ആസൂത്രിതമായ ആക്രമണമാണെന്ന് സാറ തിരിച്ചറിയുമ്പോള്‍ കഥയുടെ പുതിയ അടരുകള്‍ തുറക്കപ്പെടും. ചിതറി കിടക്കുന്ന ചിത്രങ്ങള്‍ അടുക്കിയെടുക്കുമ്പോഴാണ് സിനിമ പൂര്‍ണമാകുന്നത്. ഒരു കഥയില്‍ നിന്നും മറ്റൊരു കഥയിലേയ്ക്ക് പോകുമ്പോള്‍ ആദ്യത്തേത് രണ്ടാമത്തേതിന്റെ നട്ടെല്ലായി മാറുന്ന അനുഭവവും ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റ് നല്‍കുന്നു.
ഇത്തവണത്തെ രാജ്യാന്തര മേളയില്‍ കാണാന്‍ കഴിയുന്ന അപൂര്‍വ്വമായ പരീക്ഷണ ചിത്രം തന്നെയാണ് ഇത്. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് മികച്ചൊരു പാഠപുസ്തകം. മത്സര വിഭാഗത്തിലെ ശക്തമായ സാനിദ്ധ്യം. വണ്‍ കട്ട് ഓഫ് ദി ഡെഡ് മാത്രമല്ല ഈ സിനിമയ്ക്കായി മൊക്രി മാതൃകയാക്കിയത്. പ്രശസ്തമായ ചെഖോവിന്റെ തോക്ക് സിദ്ധാന്തം കൂടിയാണ്. ''....ഒരു രംഗത്തില്‍ നിങ്ങള്‍ ഒരു തോക്ക് കാണിക്കുകയാണെങ്കില്‍ അടുത്ത ഏതെങ്കിലും രംഗത്തില്‍ നിങ്ങള്‍ അത് പൊട്ടിച്ചിരിക്കണം....'' റഷ്യന്‍ നാടക കൃത്ത് ആന്റണ്‍ ചെഖോവിന്റെ പ്രസിദ്ധമായ ഈ രീതിയാണ് ചെഖോവിന്റെ തോക്ക് സിദ്ധാന്തം എന്നറിയപ്പെടുന്നത്. പരീക്ഷണ ചിത്രങ്ങളുടെ ഒന്നിലധികം മാതൃകകള്‍ സ്വീകരിക്കുമ്പോഴും തനത് സൃഷ്ടിയായി സ്വന്തം സിനിമയെ മാറ്റി നിര്‍ത്താന്‍ ഷഹ്‌റാന്‍ മൊക്രിക്ക് കഴിയുന്നു.
ഇനിയും കാണാം
15 ന് ടാഗോര്‍ വൈകിട്ട് 3.00
17 അജന്ത രാവിലെ 9.15
