ഹെലികോപ്റ്ററിൽ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ ജോജു ജോർജിന് പരിക്ക്
ചെന്നൈ: നടൻ ജോജു ജോർജിന് ഷൂട്ടിംഗിനിടെ പരിക്ക്.മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിൻറെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.ഹെലികോപ്റ്ററിൽ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. കാൽപാദത്തിൻറെ എല്ല് പൊട്ടിയെന്നാണ് വിവരം.
കോളിവുഡ് ഇതിഹാസങ്ങളായ കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. പ്രഖ്യാപനം മുതൽ വലിയ ആവേശത്തിലാണ് ആരാധകരും.കമലിൻറെ കരിയറിലെ വൻ പ്രൊജക്ടുകളിൽ ഒന്നായിരിക്കും ഇതെന്നാണ് കോളിവുഡ് വൃത്തങ്ങൾ പറയുന്നത്. സിനിമയിൽ തൃഷ കൃഷ്ണനാണ് നായിക.
കഴിഞ്ഞ വർഷം കമൽ ഹാസൻറെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചത്.നേരത്തെ ചിത്രത്തിൽ ദുൽഖർ സൽമാൻ അഭിനയിക്കും എന്ന് വാർത്തകളുണ്ടായിരുന്നു.എന്നാൽ ഡേറ്റ് ദുൽഖർ പിൻമാറുകയായിരുന്നു.പകരം ചിലമ്പരശനാണ് ഈ റോളിലേക്ക് എത്തിയത്. അതേ സമയം രംഗരായ ശക്തിവേൽ നായ്ക്കർ എന്നാണ് തഗ്ഗ് ലൈഫിൽ കമൽ ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
അതേ സമയം ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന പണി എന്ന ചിത്രം റിലീസിന് തയ്യാറാകുകയാണ്. മികച്ച കഥാപാത്ര സൃഷ്ടികൾ തന്ന ജോജു രചനയും സംവിധാനവും നിർവഹിക്കുന്ന 'പണി'യുടെ വിശേഷം ആദ്യം മുതൽ തന്നെ ശ്രദ്ധ നേടിയിരുന്നു. വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ അറുപതോളം പുതിയ താരങ്ങളാണ് അഭിനയിക്കുന്നത്.
ഒരു മാസ്, ത്രില്ലർ, റിവെഞ്ച് ജോണറിൽ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 100 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിൽ തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന സിനിമയിലെ പ്രധാന നടനും ജോജു തന്നെയാണ്. അഭിനയ ആണ് നായികയായി എത്തുന്നത്. ഒപ്പം മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, എന്നിവർക്കൊപ്പം വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
ജോജു. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിൻറെയും എ ഡി സ്റ്റുഡിയോസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പണി നിർമ്മിക്കുന്നത്. തമിഴിൽ കാർത്തിക് സുബ്ബരാജ് - സൂര്യ കോമ്പോ പുതിയ ചിത്രം. അനുരാഗ് കശ്യപിൻറെ ബോളിവുഡ് ചിത്രം തുടങ്ങിയ വൻ പ്രൊജക്ടുകളുടെ ഭാഗമാണ് ജോജു ജോർജ്.