20 വർഷത്തിന് ശേഷം റീ റിലീസ് ചെയ്ത ചിത്രം 50-ാം ദിവസവും ഹൗസ്‍ഫുൾ

തമിഴ് സിനിമയില്‍ കുറച്ചു കാലമായി ഇത് റീ റിലീസുകളുടെ കാലമാണ്. വർഷത്തിന്റെ ആദ്യ പകുതിയിൽ ഇറങ്ങിയ ചിത്രങ്ങൾ ഒന്നും തന്നെ ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കാതിരുന്നത് തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകൾക്ക് വൻ തിരിച്ചടി ആയിരുന്നു. എന്നാൽ തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകളെ പിടിച്ചുനിര്‍ത്തിയത് തമിഴിലെ റീ റിലീസുകളും മഞ്ഞുമ്മല്‍ ബോയ്സ് അടക്കമുള്ള മലയാള ചിത്രങ്ങളും ആയിരുന്നു.

റീ റിലീസുകളിലെ കളക്ഷനില്‍ വിസ്മയിപ്പിച്ച ഒരു ചിത്രം വിജയ്‍യുടെ ഗില്ലിയാണ്. 2004 ല്‍ ആദ്യം തിയറ്ററുകളിലെത്തിയ ചിത്രം നീണ്ട 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഏപ്രില്‍ 20 നാണ് തിയറ്ററുകളില്‍ എത്തിയത്. 8 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 2004 ല്‍ തിയറ്ററുകളില്‍ എത്തിയപ്പോള്‍ വിജയ്‍യുടെ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമായി മാറിയിരുന്നു. ലോകമാകമാനം റീ റിലീസ് ചെയ്യപ്പെട്ട ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 30 കോടി നേടി എന്നതും കൗതുകം.

റീ റിലീസിനെത്തി 50-ാം ദിവസവും ചില തിയറ്ററുകളില്‍ ചിത്രം ഹൗസ്‍ഫുള്‍ ഷോകള്‍ നേടി പ്രദർശനം വിജയകരംമായി തുടർന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈ വടപളനിയിലുള്ള കമല സിനിമാസ് അടക്കം പല തിയറ്ററുകളിലും 50-ാം ദിവസത്തെ ടിക്കറ്റുകള്‍ അഡ്വാന്‍സ് ആയി വിറ്റുപോയി. ധരണിയുടെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രം സ്പോര്‍ട്സ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.

Related Articles
Next Story