വിജയ്ക്ക് ജന്മദിനാശംസകളുമായി തൃഷ
ജൂൺ 22 സിനിമ പ്രേമികൾക്ക് അല്പം പ്രിയപ്പെട്ട ദിവസമാണ്. ദളപതി വിജയ്‌യുടെ ജന്മദിനം. ആഘോഷങ്ങളൊക്കെയായി ആരാധകർ ആഘോഷമാക്കുന്ന ദിനം. ഈ വർഷം താരത്തിന് അമ്പതു വയസ്സ് തികയുകയാണ്. ലോകമെമ്പാടുമുള്ള നിരവധി ആരാധകരും സഹപ്രവർത്തകരും താരത്തിന് ആശംസനേർന്ന ചിത്രങ്ങളും പോസ്റ്റുകളും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, നടി തൃഷ കൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ജന്മദിനാശംസയാണ് ശ്രദ്ധനേടുന്നത്.
കുറച്ച് വൈകിയാണ് ആശംസ എത്തിയതെങ്കിലും തൃഷ പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.ലിഫ്റ്റിൽ നിന്നെടുത്ത സെൽഫി ചിത്രമാണ് താരം പോസ്റ്റു ചെയ്തത്. ‘‘ശാന്തത ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ശാന്തതയിലേക്ക് ! ഇനിയും ഒരുപാട് നാഴികക്കല്ലുകളിലേക്ക്,’’-ചിത്രത്തിന് അടിക്കുറിപ്പായി തൃഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ലോകേഷ് കനഗരാജിന്റെ സംവിധാനത്തിൽ വന്ന ‘ലിയോ’ ആണ് ഇരുവരും ഒന്നിച്ച് ഒടുവില്‍ പുറത്തുവന്ന ചിത്രം. ചിത്രം പോയ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു.