പോസ്റ്റ് വായിച്ചപ്പോള്‍ മകളായ ഞാന്‍ ഞെട്ടിപ്പോയി; ജി. വേണുഗോപാലിന് മറുപടിയുമായി മധുവിന്റെ മകള്‍ ഉമ ജയലക്ഷ്മി
ഇത്രയും അന്തസോടെ 92 വര്‍ഷം ജീവിച്ചയാളെ ഇങ്ങനെ തരംതാഴ്ത്തിയത് കണ്ടപ്പോള്‍ ദുഃഖം തോന്നി;
നടന്‍ മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗായകന്‍ ജി. വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് അടുപ്പമുള്ളവരില്‍ നിന്ന് വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെ മറുപടിയുമായി മധുവിന്റെ മകള്‍ ഉമ ജയലക്ഷ്മി രംഗത്തെത്തി. ഗാനരചയിതാവും സംവിധായകനും മധുവുമായി ഏറെ അടുപ്പവുമുള്ള ശ്രീകുമാരന്‍ തമ്പി വേണുഗോപാലിന്റെ പരാമര്‍ശങ്ങള്‍ വസ്തുതയ്ക്കു നിരക്കുന്നതല്ലെന്ന് വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് ഉമ പ്രതികരിച്ചത്.
''യാഥാര്‍ത്ഥ്യമറിയാതെ എന്റെ അച്ഛനെക്കുറിച്ച് ഗായകന്‍ വേണുഗോപാല്‍ എഴുതിയ കുറിപ്പ് ഞങ്ങള്‍ കുടുംബക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആ പോസ്റ്റിന്റെ അവസാന ഭാഗം വായിച്ചപ്പോള്‍ മകളായ ഞാന്‍ ഞെട്ടിപ്പോയി. ഇത്രയും അന്തസ്സോടെ 92 വര്‍ഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാല്‍ തരം താഴ്ത്തി കണ്ടപ്പോള്‍ വലിയ ദുഃഖം തോന്നി. ഞാന്‍ അതിനു മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചു. അപ്പോഴാണ് തമ്പിയങ്കിളിന്റെ പേജില്‍ ഈ പോസ്റ്റ് കണ്ടത്. എനിക്ക് പറയാന്‍ കഴിയുന്നതിനേക്കാള്‍ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിള്‍ എഴുതിയിരിക്കുന്നു. അത് കണ്ടു ഞങ്ങള്‍ക്കെല്ലാം ആശ്വാസമായി. അദ്ദേഹത്തിന്റെ മകള്‍ എന്ന നിലയ്ക്ക് ഒരു കാര്യം എനിക്ക് ഉറപ്പായും പറയാന്‍ കഴിയും. വേണുഗോപാലിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല. തമ്പിയങ്കിള്‍ ഉചിതമായ രീതിയില്‍ അതിനെതിരെ പ്രതികരിച്ചതില്‍ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു. അങ്കിളിന്റെ ഈ പോസ്റ്റ് ഞാന്‍ ഷെയര്‍ ചെയ്തുകൊള്ളട്ടെ..'', ഉമ ജയലക്ഷ്മി കുറിച്ചു.
''തിരുവനന്തപുരത്ത് കണ്ണമ്മൂല എന്ന സ്ഥലത്തിന്റെ കാതലായ ഭാഗം മുഴുവന്‍ ഭൂപ്രഭുക്കളായിരുന്ന അദ്ദേഹത്തിന്റെ (മധുവിന്റെ) കുടുംബ സ്വത്തായിരുന്നു. ഇന്ന് അദ്ദേഹം ഏകനായി താമസിക്കുന്ന ഒരു ചെറിയ വീട് മാത്രമേ ബാക്കിയുള്ളൂ. സിനിമയില്‍ നിന്ന് കിട്ടിയതും, സ്വന്തം കുടുംബ സ്വത്തും സിനിമയ്ക്കായി കൊടുത്ത വ്യക്തികളിലൊരാള്‍'', എന്നതാണ് ജി വേണുഗോപാല്‍ മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലെ ഒരു ഭാഗം. ഇതാണ് അദ്ദേഹവുമായി അടുപ്പമുള്ളവരെ ചൊടിപ്പിച്ചത്.