എവിടെപ്പോയാലും ഇപ്പോൾ ജോർജ് സാർ എന്ന പേരിൽ മാത്രമാണ് അറിയപ്പെടുന്നത്. ചെറുതായ് മടുപ്പ് തുടങ്ങി എന്ന് തുടരും സിനിമയിലെ വില്ലൻ പ്രകാശ് വർമ്മ

തുടരും എന്ന സിനിമയിലൂടെ മികച്ച വില്ലൻ വേഷത്തിൽ തിളങ്ങിയ പ്രകാശ് വർമ്മ നിരവധി പരസ്യ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ്

Update: 2026-01-31 05:14 GMT

പതിറ്റാണ്ടുകളായി പരസ്യമേഖലയിലെ അതികായനായി പ്രവർത്തിക്കുന്ന പ്രകാശ് വർമയെ പലരും തിരിച്ചറിഞ്ഞത് കഴിഞ്ഞവർഷം പുറത്തിറങ്ങിയ തുടരും എന്ന സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ ജോർജ് സാർ എന്ന വില്ലൻ കഥാപാത്രത്തെ, നായകനായ മോഹൻലാലിനെ പോലും നിഷ്പ്രഭനാക്കുന്ന തരത്തിലാണ് പ്രകാശ് വർമ അവതരിപ്പിച്ചത്. ജോർജ് സാർ എന്നാണ് അതിനുശേഷം പ്രകാശ് വർമയെ പലരും വിളിക്കുന്നത്.എന്നാൽ ആ പേര് കേൾക്കുന്നത് ഇപ്പോൾ തന്നെ അസ്വസ്ഥനാക്കാറുണ്ടെന്നാണ് പ്രകാശ് വർമ പറയുന്നത്. തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം  ഇക്കാര്യം പറഞ്ഞത്. പ്രകാശ് വർമ എന്ന വ്യക്തിയേയും മറികടന്ന് ജോർജ് സാർ എന്ന കഥാപാത്രം വളരുന്നത് നല്ല കാര്യമാണ്. നമ്മൾ ചെയ്ത വില്ലൻ കഥാപാത്രത്തിലൂടെ വെറുക്കപ്പെടുന്നതിന് പകരം മാസങ്ങളായി താൻ പ്രേക്ഷകരുടെ സ്‌നേഹം അനുഭവിക്കുകയാണ്. അതിന്റെ അർഥം എവിടെയോ ആ കഥാപാത്രം വർക്കായി എന്നാണ് എന്നും അദ്ദേഹം പറഞ്ഞു.പുതിയ ചിത്രങ്ങളെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. 'പരസ്യങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് ജോലികൾക്കിടയിൽ എനിക്ക് പറ്റാവുന്ന പ്രൊജക്ടുകളെ ഞാൻ ചെയ്യുന്നുള്ളൂ. അതിലൊന്ന് തിരഞ്ഞെടുക്കാനുള്ള കാരണം അതിന്റെ സംവിധായകൻ രഞ്ജിത്തായതുകൊണ്ടാണ്. അസാധ്യ എഴുത്തുകാരനാണ്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നത് ഞാൻ ആസ്വദിക്കുകയാണ്. ഇതൊരു സാധാരണ ചിത്രമാണ്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമല്ല. എനിക്ക് വ്യത്യസ്തമായി പെർഫോം ചെയ്യാനുള്ള ഇടം രഞ്ജിയേട്ടൻ അതിൽ ഒരുക്കിയിട്ടുണ്ട്. പുതിയ ചിത്രത്തെ കുറിച്ച് ഇപ്പോൾ അത്രയേ പറയാൻ കഴിയൂ.' -പ്രകാശ് വർമ പറഞ്ഞു.

Similar News