തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മമ്മൂട്ടി ചിത്രത്തെ തഴഞ്ഞതിനെതിരെ സോഷ്യൽ മീഡിയ
പേരൻപിലെ പ്രകടനത്തിന് മമ്മൂട്ടിയെയും സിനിമയിൽ മമ്മൂട്ടിയുടെ മകളായി എത്തിയ സാധനയെയും പുരസ്കാരത്തിൽ പരിഗണിച്ചില്ലെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു.
തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മമ്മൂട്ടി ചിത്രത്തെ തഴഞ്ഞതിനെതിരെ സോഷ്യൽ മീഡിയ. 'പേരന്‍പ്' എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച വേഷം ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചകൾ കനക്കുന്നത്. പേരൻപിലെ പ്രകടനത്തിന് മമ്മൂട്ടിയെയും സിനിമയിൽ മമ്മൂട്ടിയുടെ മകളായി എത്തിയ സാധനയെയും പുരസ്കാരത്തിൽ പരിഗണിച്ചില്ലെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു.
റാമിന്‍റെ സംവിധാനത്തില്‍ 2018 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അമുദവൻ എന്ന അച്ഛനായി മമ്മൂട്ടി നടത്തിയ പ്രകടനം ആഗോളതലത്തില്‍ തന്നെ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സ്പാസ്റ്റിക്ക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയായ മകളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അച്ഛന്റെ സങ്കീർണ്ണമായ വികാരങ്ങള്‍ അതീവ സൂക്ഷ്മതയോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്.റോട്ടർഡാം ചലച്ചിത്രമേളയിലടക്കം ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചലച്ചിത്ര മേളകളിലും പിന്നീട് തിയറ്റര്‍ റിലീസിലും ഇരുവരുടെയും പ്രകടനം പ്രേക്ഷകരുടെ വലിയ കൈയടി നേടിയിരുന്നു. ചിത്രത്തിന് മികച്ച സിനിമക്കോ നടനോ ഉള്ള പുരസ്കാരം ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ചിത്രത്തിന് ഒരു പുരസ്കാരം പോലും ഇല്ലാത്തതാണ് സിനിമാപ്രേമികളെ നിരാശപ്പെടുത്തിയത്.
മികച്ച പ്രകടനങ്ങള്‍ തഴയപ്പെട്ടുവെന്നും മമ്മൂട്ടിയെയും റാമിനെയും പരിഗണിക്കാതിരുന്നത് ശരിയായില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും അഭിപ്രായങ്ങൾ. മലയാളികളേക്കാള്‍ കൂടുതല്‍ തമിഴ് സിനിമാപ്രേമികളാണ് ജൂറിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.