സിനിമകളുടെ പ്രമോഷനായി കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് തുറന്നുപറഞ്ഞ് നടൻ ശശികുമാർ
‘കോളജുകൾ വിദ്യാഭ്യാസത്തിന് മാത്രമുള്ളതാണ്. നിർമാതാവ് നിർബന്ധിച്ചാലല്ലാതെ സിനിമാ പ്രമോഷനായി ഞാൻ കോളജുകൾ സന്ദർശിക്കാറില്ല
പുതിയ ചിത്രമായ ‘മൈ ലോർഡ്’ റിലീസിനൊരുങ്ങുന്ന വേളയിൽ സിനിമകളുടെ പ്രമോഷനായി കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് തുറന്നുപറഞ്ഞ് നടൻ ശശികുമാർ. ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോളജുകൾ വിദ്യാഭ്യാസത്തിന് മാത്രമുള്ളതാണ്. നിർമാതാവ് നിർബന്ധിച്ചാലല്ലാതെ സിനിമാ പ്രമോഷനായി ഞാൻ കോളജുകൾ സന്ദർശിക്കാറില്ല. ഒരു പ്രമോഷൻ തന്ത്രമെന്ന നിലയിൽ ഇത് എത്രത്തോളം ഫലപ്രദമാണെന്നും എനിക്ക് സംശയമുണ്ട്. വിദ്യാർഥികൾ വരുന്നത് നടന്മാരെ കാണാനാണ്. അത് സിനിമയുടെ വിജയത്തെ ബാധിക്കണമെന്നില്ല. ഗുണമേന്മയുള്ള ഉള്ളടക്കത്തിലൂടെയും മികച്ച അഭിപ്രായങ്ങളിലൂടെയും മാത്രമേ ഒരു സിനിമ വിജയിക്കൂ’ -ശശികുമാർ പറഞ്ഞു.മൈ ലോർഡ് കിഡ്‌നി റാക്കറ്റിന്റെ ഇരകളാക്കപ്പെട്ട മുത്തുശില്പി (ശശികുമാർ) എന്ന വ്യക്തിയുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ കഥയാണ്. ജീവിച്ചിരിപ്പുണ്ടായിട്ടും രേഖകളിൽ മരിച്ചവനായി പ്രഖ്യാപിക്കപ്പെട്ട ഒരു സാധാരണക്കാരൻ നിയമവ്യവസ്ഥയോട് നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നത്. ചൈത്ര ജെ. ആച്ചർ ആണ് നായിക. കൂടാതെ ആശ ശരത്ത്, ഗുരു സോമസുന്ദരം, ജയപ്രകാശ്, ഗോപി നൈനാർ, വസുമിത്ര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.കുക്കൂ, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജു മുരുകനാണ് സംവിധാനം. നീരവ് ഷാ ഛായാഗ്രഹണവും സത്യരാജ് നടരാജൻ എഡിങ്ങും നിർവ്വഹിക്കുന്നു. ഫെബ്രുവരി 13നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ജയന്തി അംബേദ്കുമാറാണ് ഒളിമ്പിയ ഫിലിംസിന്റെ ബാനറിൽ ഈ ചിത്രം നിർമിക്കുന്നത്.
അതേ സമയം ശശികുമാറിന്‍റെ ടൂറിസ്റ്റ് ഫാമിലി വലിയ ജനസ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു. ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്ക് കുടിയേറുന്ന കുടുംബത്തിന്‍റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി. മേയ് ഒന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിൽ ശശികുമാർ, സിമ്രാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ നിർമാണ ചെലവ് 16 കോടിയായിരുന്നു. തമിഴ്നാട്ടിൽ മാത്രം 50 കോടിയിൽ അധികം നേടി ശശികുമാറിന്‍റെ കരിയറിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ടൂറിസ്റ്റ് ഫാമിലി. ആവേശത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കർ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കമലേഷ്, യോഗി ബാബു, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി, യോഗലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.