'രണബാലി'യിലെ വിവാഹ ചിത്രം: പോസ്റ്ററിന് പിന്നിലെ വൈകാരികത വെളിപ്പെടുത്തി സംവിധായകൻ; നന്ദിയറിയിച്ച് വിജയ് ദേവരകൊണ്ട

ചരിത്രപശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'രണബാലി' എന്ന ചിത്രത്തിന്റെ പുറത്തിറങ്ങിയ വിവാഹ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്

Update: 2026-03-05 06:07 GMT

ചരിത്രപശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'രണബാലി' എന്ന ചിത്രത്തിന്റെ പുറത്തിറങ്ങിയ വിവാഹ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വധൂവരന്മാരായി എത്തുന്ന ഈ പോസ്റ്ററിന് പിന്നിലെ വൈകാരികമായ പശ്ചാത്തലം വെളിപ്പെടുത്തിയ സംവിധായകൻ രാഹുൽ സങ്കൃത്യന് ഹൃദയംഗമമായ നന്ദി അറിയിക്കുകയാണ് നടൻ വിജയ് ദേവരകൊണ്ട. രാഹുലിന്റെ വാക്കുകൾ തന്നെ വല്ലാതെ വികാരധീനനാക്കിയെന്നും, തന്റേയും രശ്മികയുടെയും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പ്രോജക്റ്റാണിതെന്നും വിജയ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. യഥാർത്ഥ ജീവിതത്തിലെ ചെറിയ വിശദാംശങ്ങളോടും മനുഷ്യരോടും സംവിധായകൻ കാണിക്കുന്ന ശ്രദ്ധ തന്നെ പ്രചോദിപ്പിക്കുന്നുണ്ടെന്നും, നമ്മുടെ മണ്ണിൽ നിന്നുള്ള ഈ കഥ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ പൂർണ്ണമനസ്സോടെ ഒപ്പമുണ്ടെന്നും വിജയ് വ്യക്തമാക്കി.

പോസ്റ്ററിന് പിന്നിലെ രഹസ്യം സംവിധായകൻ രാഹുൽ സങ്കൃത്യൻ തന്നെ വിശദീകരിച്ചിരുന്നു. ഇതൊരു സാധാരണ സിനിമാ പോസ്റ്ററല്ലെന്നും, വിവാഹവേഷത്തിൽ സെറ്റിലെത്തിയ വിജയിയും രശ്മികയും നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്നവരായി മാറിയ ആ നിമിഷം ക്യാമറയിൽ പകർത്തുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്. നമ്മുടെ മാതാപിതാക്കളുടെയും പൂർവ്വികരുടെയും പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫുകളിൽ കാണുന്ന സത്യസന്ധതയും ഗൗരവവും ഈ ചിത്രത്തിൽ കൊണ്ടുവരാൻ താൻ ആഗ്രഹിച്ചിരുന്നു. കൃത്രിമമായ ചിരിയോ പോസുകളോ ഇല്ലാതെ പകർത്തിയ ആ ചിത്രം, അവരുടെ കഴിഞ്ഞ ജന്മത്തിലെ വിവാഹചിത്രം പോലെയോ അല്ലെങ്കിൽ അവരുടെ പൂർവ്വികരുടെ പെട്ടിയിൽ നിന്നും കണ്ടെടുത്ത ഒരു പഴയ ചിത്രം പോലെയോ അനുഭവപ്പെട്ടുവെന്ന് രാഹുൽ കുറിയ്ക്കുന്നു. സിനിമയും ജീവിതവും തമ്മിലുള്ള ഈ സാമ്യം ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'രണബാലി' ഇന്ത്യൻ ചരിത്രത്തിലെ മറച്ചുവെക്കപ്പെട്ട ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് സംസാരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും വരൾച്ചയും മൂലം നടന്ന വംശഹത്യകളും, സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലുകളും ചിത്രത്തിൽ പ്രമേയമാകുന്നു. ഇത് ഒരു ബയോപിക് അല്ലെന്നും, ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. 'രണബാലി' എന്ന പോരാളിയായി വിജയ് ദേവരകൊണ്ടയും 'ജയമ്മ' എന്ന കഥാപാത്രമായി രശ്മിക മന്ദാനയും എത്തുമ്പോൾ, 'ദി മമ്മി'യിലൂടെ പ്രശസ്തനായ ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂ വില്ലൻ വേഷമായ സർ തിയോഡോർ ഹെക്ടറായി വേഷമിടുന്നു.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം, ഗുൽഷൻ കുമാർ, ഭുഷൻ കുമാർ എന്നിവരുടെ ടി-സീരീസുമായാണ് ചേർന്ന് അവതരിപ്പിക്കുന്നത്. അജയ്-അതുൽ സംഗീതം നൽകുന്ന ചിത്രത്തിന് നീരവ് ഷാ ആണ് ക്യാമറ ചലിപ്പിക്കുന്നത്. ഗീതാ ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായ 'രണബാലി', സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

Similar News