കൊടൈക്കനാലിൽ വെച്ച് മാജിക് മഷ്‌റൂം ഉപയോഗിച്ചത് അറിഞ്ഞ വീട്ടുകാർ തന്നെ മെന്റൽ ഹോസ്പിറ്റലിൽ എത്തിച്ചു എന്ന് നടി ലെന

ജീവിതത്തിൽ സ്വതന്ത്രയാകാൻ തീരുമാനിച്ച വേളയിൽ ഉണ്ടായ ഒരു ആത്മീയ അന്വേഷണം വലിയൊരു പ്രതിസന്ധിയിലേക്കാണ് തന്നെ നയിച്ചതെന്ന് താരം പറയുന്നു

Update: 2026-03-05 05:57 GMT

മലയാള സിനിമയിൽ തന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും ശ്രദ്ധേയയായ താരമാണ് ലെന. അഭിനയത്തിനപ്പുറം ജീവിതത്തെയും മനഃശാസ്ത്രത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറയാൻ മടി കാണിക്കാത്ത ലെന, അടുത്തിടെ തന്റെ വ്യക്തിജീവിതത്തിലെ വലിയ വെല്ലുവിളികളെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ വിവാഹമോചനത്തെക്കുറിച്ചും, തുടർന്നുണ്ടായ കടുത്ത മാനസിക സംഘർഷങ്ങളെക്കുറിച്ചും ആശുപത്രി വാസത്തെക്കുറിച്ചുമെല്ലാം താരം മനസ്സുതുറന്നത്.

തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ നടന്ന വിവാഹമോചനം വൈകാരികമായ ഒരു തകർച്ചയല്ലായിരുന്നെന്നും, മറിച്ച് ജീവിതത്തിലെ വ്യത്യസ്തമായ ദിശകളെ തിരിച്ചറിഞ്ഞുകൊണ്ട് എടുത്ത വളരെ പ്രായോഗികമായ തീരുമാനമായിരുന്നു അതെന്നും ലെന പറയുന്നു. വർഷങ്ങളായി കൊണ്ടുനടന്ന ആ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ താനും മുൻ ഭർത്താവ് അഭിലാഷും ചേർന്ന് കോടതിയിലെ കാന്റീനിൽ ഇരുന്ന് ഒരു ഗുലാബ് ജാമുൻ പങ്കുവെച്ചു കഴിച്ചുവെന്നും, ആ നിമിഷത്തോടെ തങ്ങളുടെ വിവാഹബന്ധം അവസാനിച്ചുവെന്നും താരം ഓർക്കുന്നു. ഇന്നും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും ലെന കൂട്ടിച്ചേർത്തു.

ജീവിതത്തിൽ സ്വതന്ത്രയാകാൻ തീരുമാനിച്ച വേളയിൽ ഉണ്ടായ ഒരു ആത്മീയ അന്വേഷണം വലിയൊരു പ്രതിസന്ധിയിലേക്കാണ് തന്നെ നയിച്ചതെന്ന് താരം പറയുന്നു. കൊടൈക്കനാലിൽ വെച്ചുണ്ടായ ഒരു അനുഭവത്തിന് ശേഷം കുടുംബാംഗങ്ങൾ തനിക്ക് മാനസിക നില തെറ്റിയതാണെന്ന് തെറ്റിദ്ധരിക്കുകയും, നിർബന്ധപൂർവ്വം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.കൊടൈക്കനാലിലെ ഒരു സാഹസിക യാത്രക്കിടയിൽ 'എന്താണ് ദൈവം?' എന്ന ചോദ്യം ചോദിച്ചപ്പോഴാണ് എനിക്ക് ബോധോദയം ഉണ്ടായത്. അന്ന് ഞാൻ പരീക്ഷിച്ച മാജിക് മഷ്റൂം എന്നെ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ ഞാനത് നിർദേശിക്കില്ല. അത് ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചിക്കാനാവില്ല.എന്റെ ആത്മീയമായ ഉണർവിനെ മനസിലാക്കാൻ എന്റെ വീട്ടുകാർക്ക് സാധിച്ചില്ല. അവർ എനിക്ക് ഭ്രാന്താണെന്ന് കരുതി. അങ്ങനെ എന്റെ കുടുംബം എന്നെ സൈക്യാട്രിക് ആശുപത്രിയിലാക്കി. അവിടെ വെച്ച് മരുന്നുകൾ നൽകി എന്നെ അബോധാവസ്ഥയിലാക്കി. ആ മരുന്നുകൾ പെട്ടെന്ന് നിർത്തുമ്പോഴുണ്ടാകുന്ന വിറയലും പെരുമാറ്റ മാറ്റങ്ങളും കണ്ടപ്പോൾ അവർക്ക് എന്റെ ഭ്രാന്ത് കൂടുകയാണെന്നു തോന്നി. സത്യത്തിൽ അത് മരുന്നുകളുടെ പാർശ്വഫലങ്ങളായിരുന്നു’ ലെന പറഞ്ഞു.

ചില ഗഹനമായ കാര്യങ്ങൾ കണ്ടെത്തിയ സന്തോഷത്തിലായിരുന്ന എന്നെ, വീട്ടുകാർക്ക് മനസ്സിലാകാത്തതുകൊണ്ട് നിർബന്ധിച്ച് ആശുപത്രിയിലാക്കുകയായിരുന്നു. അവിടെ പത്തുദിവസം കടുത്ത മരുന്നുകൾ നൽകി എന്റെ തലച്ചോറിനെ അവർ മരവിപ്പിച്ചു. ഒരു സെലിബ്രിറ്റി ആയതുകൊണ്ട് പെട്ടെന്ന് മരുന്ന് നിർത്തിയാൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആളുകൾ എങ്ങനെ കാണുമെന്ന് ഞാൻ ഭയന്നു. 14 വർഷത്തോളം എനിക്ക് മരുന്നുകൾ കഴിക്കേണ്ടി വന്നു. ഈ മരുന്നുകൾ എന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു. ആരും മനസ്സിലാക്കുന്നില്ലെന്ന തിരിച്ചറിവ് എന്നെ തളർത്തി. അതിനേക്കാൾ സാമ്പത്തികമായി ഞാൻ തകർന്നുപോയിരുന്നു


പത്തുദിവസം നീണ്ട കടുത്ത ചികിത്സകളും മരുന്നുകളും തന്റെ തലച്ചോറിനെ മരവിപ്പിച്ചുവെന്നും, ആ മരുന്നുകളുടെ പാർശ്വഫലങ്ങൾ പിന്നീട് പതിനാല് വർഷത്തോളം തന്നെ വേട്ടയാടിയെന്നും ലെന വെളിപ്പെടുത്തുന്നു. ആരും മനസ്സിലാക്കുന്നില്ലെന്ന തോന്നൽ തന്നെ കടുത്ത വിഷാദത്തിലേക്കും ആത്മഹത്യാ ചിന്തകളിലേക്കും നയിച്ചിരുന്നു.

സാമ്പത്തികമായ സ്വാതന്ത്ര്യം മാത്രമായിരുന്നു അക്കാലത്ത് മുന്നിലുള്ള ഏക ലക്ഷ്യമെന്നും, ആ പ്രതിസന്ധി ഘട്ടത്തിലാണ് 'ഓമനത്തിങ്കൾ പക്ഷി' എന്ന സീരിയലിൽ അവസരം ലഭിക്കുന്നതെന്നും താരം പറയുന്നു. അന്ന് മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലം ശരീരഭാരം ഇരുപത് കിലോയോളം കുറഞ്ഞിരുന്ന അവസ്ഥയിലും, ആ സീരിയലിലൂടെ താൻ പതിയെ തിരികെ വരികയായിരുന്നു. 20 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ താൻ പറയുന്നത് ശരിയാണെന്ന് തെളിയിക്കാൻ കഴിഞ്ഞുവെന്നത് വലിയ ആശ്വാസമാണെന്നും, ഇന്ന് ഒരു വിജയിയായി നിൽക്കുമ്പോൾ ഇതെല്ലാം തുറന്നുപറയാൻ തനിക്ക് ഭയമില്ലെന്നും താരം വ്യക്തമാക്കി. സ്വന്തം തീരുമാനങ്ങളിലുള്ള ആത്മവിശ്വാസമാണ് ഈ തിരിച്ചുവരവിന് തനിക്ക് കരുത്തായതെന്ന് ലെന ഓർമ്മിപ്പിക്കുന്നു.

Similar News