മണി മരിച്ചിട്ടും തീരാത്ത അവഗണന ; മണിയുടെ പേരിലുള്ള സ്മാരകത്തിന്റെ പണി വെറും പ്രഹസനം മാത്രം എന്ന് സംവിധായകൻ വിനയൻ
സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും വന്ന്, ജീവിതത്തിന്റെ പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത് മലയാളിയെ വിസ്മയിപ്പിച്ച ആ കലാകാരനെ മറന്നു പോകുന്നു എന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്", എന്നായിരുന്നു വിനയന്റെ വാക്കുകൾ
മലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ മണി വിടപറഞ്ഞിട്ട് ഇന്നേക്ക് പത്ത് വർഷം തികയുമ്പോൾ, അദ്ദേഹത്തിന്റെ സ്മാരകം എന്ന ആവശ്യം ഇന്നും കടലാസുകളിൽ മാത്രം ഒതുങ്ങുന്നുവെന്നത് സാംസ്കാരിക കേരളത്തിന് വലിയ വേദനയാകുന്നു. മണിയുടെ ഓർമ്മയ്ക്കായി ചാലക്കുടിയിൽ പ്രഖ്യാപിച്ച സ്മാരകം നിർമ്മിക്കാത്തതിനെതിരെ രൂക്ഷമായ വിമർശനവുമായി സംവിധായകൻ വിനയൻ രംഗത്തെത്തി. എത്രയോ വികസന പദ്ധതികളുടെ പേര് എണ്ണിപ്പറയുമ്പോഴും, ജനമനസ്സുകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ആ മനുഷ്യസ്നേഹിയായ കലാകാരനെ അധികൃതർ അവഗണിക്കുന്നത് അപമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടി സാംസ്കാരിക മന്ത്രിയോട് അപേക്ഷിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പറയുന്ന വിനയൻ, അർഹരായ പലരും പരിഗണനയ്ക്കായി സർക്കാരിന് ചുറ്റും വട്ടംകറങ്ങുമ്പോൾ, മരിച്ചുപോയതിന്റെ പേരിൽ മണിയെ തഴയുന്നത് ക്രൂരമാണെന്നും കൂട്ടിച്ചേർക്കുന്നു.
സ്മാരകം യാഥാർത്ഥ്യമാകാത്തതിലുള്ള അതൃപ്തിയും വേദനയും കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണനും പങ്കുവെക്കുന്നു. ചാലക്കുടിയിൽ തന്നെ മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെ സ്മാരകങ്ങൾ പൂർത്തിയായിക്കഴിഞ്ഞിട്ടും, മണിയുടെ കാര്യത്തിൽ മാത്രം എന്തുകൊണ്ട് കാലതാമസമുണ്ടാകുന്നു എന്നത് വലിയൊരു ചോദ്യചിഹ്നമായി തുടരുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും സ്മാരക നിർമ്മാണത്തിനായി പദ്ധതികൾ ആവിഷ്കരിക്കുകയും തുക വകയിരുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, അതെല്ലാം വാക്കുകളിൽ മാത്രം ഒതുങ്ങുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിന്റെ അടിത്തട്ടിൽനിന്ന് ഉയർന്നുവന്ന് മലയാളികളെ ഒട്ടാകെ വിസ്മയിപ്പിച്ച ആ അതുല്യ കലാകാരനോടുള്ള ആദരവ് എന്ന നിലയിലെങ്കിലും, ചാലക്കുടിയിൽ അദ്ദേഹത്തിന്റെ സ്മാരകം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ആരാധകർക്കിടയിലും ശക്തമാകുകയാണ്.