സംവിധായകൻ ആർ ജെ ബാലാജിയും നിർമ്മാതാവും തമ്മിൽ തർക്കം ; സൂര്യ ചിത്രം കറുപ്പ് പ്രതിസന്ധിയിൽ

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്

Update: 2026-03-07 03:51 GMT

സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'കറുപ്പ്' ഒരു മാസ് കൊമേഴ്സ്യൽ എന്റർടെയ്‌നർ ആയിരിക്കുമെന്ന വാർത്തയിലാണ് ആരാധകർ ഇപ്പോൾ. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എസ്.ആർ. പ്രഭുവാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായൊരു മേക്കോവറിലാകും ഇരുവരും ഈ ചിത്രത്തിലെത്തുകയെന്നും അണിയറപ്രവർത്തകർ സൂചന നൽകുന്നു. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലുള്ളത്.

ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ചും അണിയറയിലെ ചില അസ്വാരസ്യങ്ങളെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സംവിധായകനും നിർമ്മാതാവും തമ്മിൽ തർക്കമുണ്ടെന്നും, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ നിന്ന് ആർ.ജെ. ബാലാജി മാറി നിൽക്കുന്നുവെന്നുമുള്ള പ്രചരണങ്ങൾക്ക് നിർമ്മാതാവ് എസ്.ആർ. പ്രഭു തന്നെ മറുപടിയുമായി എത്തി. ‘ഇതൊന്ന് നിർത്തൂ’ എന്ന് അർത്ഥം വരുന്ന ഒരു ഇമോജി പങ്കുവെച്ചുകൊണ്ട് അത്തരത്തിലുള്ള അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പരോക്ഷമായി വ്യക്തമാക്കിയത് ആരാധകർക്ക് വലിയ ആശ്വാസമായി. കൂടാതെ, ചിത്രത്തിന്റെ ഒ.ടി.ടി അവകാശം നെറ്റ്ഫ്ലിക്സും സാറ്റലൈറ്റ് അവകാശം സീ തമിഴ് സ്വന്തമാക്കിയതായാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്, എങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഏപ്രിൽ 10നോ മെയ് ഒന്നിനോ ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ.

മികച്ച സാങ്കേതികപ്രവർത്തകരുടെ ഒരു നിര തന്നെ ചിത്രത്തിന് പിന്നിലുണ്ട്. യുവ സംഗീത സെൻസേഷൻ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ജി.കെ. വിഷ്ണു ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് കലൈവാണനാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ അൻബറിവ്, വിക്രം മോർ എന്നീ പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർമാരാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് ചിത്രത്തിനായി ഗംഭീരമായ സെറ്റുകൾ ഒരുക്കിയിരിക്കുന്നത്.

നിലവിൽ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണവും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും ഒരേസമയം പുരോഗമിക്കുകയാണ്. ഉത്സവ ദിനങ്ങളിൽ തിയേറ്ററുകളിൽ ആഘോഷമാക്കാൻ പറ്റിയ ചിത്രമായിരിക്കും കറുപ്പെന്നാണ് അണിയറപ്രവർത്തകരുടെ ഉറപ്പ്. വരും ദിവസങ്ങളിൽ തന്നെ റിലീസ് തീയതിയും മറ്റ് അപ്രതീക്ഷിത പ്രഖ്യാപനങ്ങളും ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും പി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ് വിഭാഗം അറിയിച്ചു.

Similar News