മോഹൻലാലോ മമ്മുട്ടിയോ എന്ന ചോദ്യത്തിന് ഭരത് ഗോപി എന്ന് ആർ ഗോപകുമാർ
മാസ്റ്റര്‍ ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗോപകുമാറിന്‍റെ പ്രതികരണം
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചർച്ചയായ മമ്മൂട്ടി-മോഹൻലാൽ അഭിനയ ശൈലികളെക്കുറിച്ച് മനസ്സ് തുറന്ന് മുതിർന്ന നടൻ എം.ആർ. ഗോപകുമാർ. ഭരത് ഗോപി തനിക്ക് പകർന്നുനൽകിയ അഭിനയപാഠങ്ങൾ പ്രാവർത്തികമാക്കിയ നടനാണ് മോഹൻലാൽ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
നാടക പശ്ചാത്തലത്തിൽ നിന്നും വന്ന താൻ, ഒരു കഥാപാത്രമായാൽ ആ സന്ദർഭത്തിൽ നിന്ന് ഒട്ടും വ്യതിചലിക്കാതെ ഗൗരവത്തോടെ ഇരിക്കണമെന്നായിരുന്നു ആദ്യം വിശ്വസിച്ചിരുന്നത്. എന്നാൽ സിനിമയിൽ അഭിനയം എന്നത് 'ആക്ഷനും കട്ടിനും' ഇടയിൽ സംഭവിക്കേണ്ട ഒന്നാണെന്നും, അതിനപ്പുറം കഥാപാത്രത്തെ കൊണ്ടുനടക്കേണ്ടതില്ലെന്നും തന്നെ പഠിപ്പിച്ചത് ഭരത് ഗോപിയാണെന്ന് അദ്ദേഹം ഓർത്തെടുത്തു. ഈ ശൈലിയുടെ ഏറ്റവും മികച്ച ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മോഹൻലാലിനെയാണ്. ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന് തൊട്ടുമുമ്പ് വരെ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചിരിക്കുന്ന മോഹൻലാൽ, 'ടേക്ക്' എന്ന് കേൾക്കുന്ന നിമിഷം പൂർണ്ണമായും ആ കഥാപാത്രമായി മാറുന്ന അത്ഭുതം ഗോപകുമാർ വിവരിച്ചു.
മമ്മൂട്ടിയുടെ അഭിനയ രീതിയെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം കഥാപാത്രവുമായി കുറച്ചുകൂടി 'ഇൻവോൾവ്ഡ്' ആകുന്ന നടനാണെന്നായിരുന്നു ഗോപകുമാറിന്റെ മറുപടി. കഥാപാത്രമായി മാറി ദൂരെയൊരിടത്ത് ഏകാന്തനായി ഇരിക്കുന്ന രീതിയുടെ ആവശ്യമില്ലെന്ന് പറയുന്ന അദ്ദേഹം, മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ അഭിമാനങ്ങളായ വലിയ നടന്മാരാണെന്ന കാര്യത്തിൽ സംശയമില്ലെന്നും കൂട്ടിച്ചേർത്തു. ഇരുവർക്കുമൊപ്പം നാല് സിനിമകളിൽ വീതം അഭിനയിച്ചിട്ടുള്ള ഗോപകുമാർ, മമ്മൂട്ടിക്കൊപ്പമുള്ള 'വിധേയനും' മോഹൻലാലിനൊപ്പമുള്ള 'പുലിമുരുകനും' തന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളായും കണക്കാക്കുന്നു.