മോഹൻലാലിന്റെ സൈനിക പദവി ഔദാര്യമല്ല; മമ്മൂട്ടിയെയും ക്ഷണിച്ചിരുന്നു: വെളിപ്പെടുത്തലുമായി മേജർ രവി

മോഹൻലാലിനെ വെച്ച് താൻ സംവിധാനം ചെയ്ത സിനിമകൾ കണ്ട സൈനിക ഉദ്യോഗസ്ഥരും ജനറൽമാരുമാണ് അദ്ദേഹം സൈന്യത്തിന്റെ അംബാസഡർ ആകണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്

Update: 2026-03-07 04:11 GMT

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന് 2009-ൽ സൈന്യം നൽകിയ ലെഫ്റ്റനന്റ് കേണൽ പദവിയെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി സംവിധായകൻ മേജർ രവി. മോഹൻലാലിന് ഈ പദവി നൽകി എന്ന് പറയുന്നതുതന്നെ തെറ്റാണെന്നും അതൊരു ഔദാര്യമല്ലെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മോഹൻലാലിനെ വെച്ച് താൻ സംവിധാനം ചെയ്ത സിനിമകൾ കണ്ട സൈനിക ഉദ്യോഗസ്ഥരും ജനറൽമാരുമാണ് അദ്ദേഹം സൈന്യത്തിന്റെ അംബാസഡർ ആകണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. ലാലിന്റെ സമ്മതം ലഭിച്ച ശേഷമാണ് ഇതിനുള്ള പേപ്പർ ജോലികൾ പൂർത്തിയാക്കിയതെന്നും ഇതിന്റെ രേഖകൾ ഇപ്പോഴും തന്റെ കൈവശമുണ്ടെന്നും മേജർ രവി പറഞ്ഞു. സമാനമായ രീതിയിൽ പദവി സ്വീകരിക്കാൻ താൻ മമ്മൂട്ടിയോടും ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ 'നമുക്ക് നോക്കാം' എന്ന മറുപടിയാണ് അദ്ദേഹം നൽകിയതെന്നും മേജർ രവി വെളിപ്പെടുത്തി.

ഈ പദവി കൊണ്ട് മോഹൻലാലിന് സാമ്പത്തികമായ യാതൊരു നേട്ടവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാശ്മീർ സന്ദർശനത്തിന് പോകുമ്പോൾ സ്വന്തം ചിലവിൽ ബിസിനസ് ക്ലാസ് ടിക്കറ്റ് എടുത്താണ് ലാൽ യാത്ര ചെയ്യുന്നത്. സൈന്യത്തിന്റെ ഗസ്റ്റ് ഹൗസിലെ താമസവും യൂണിഫോം ധരിക്കാനുള്ള അവകാശവും മാത്രമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. സ്വന്തം കയ്യിൽ നിന്ന് പണം നൽകി യൂണിഫോം തയ്പ്പിക്കുന്ന ലാൽ, സൈന്യത്തിൽ നിന്നുള്ള മദ്യം പോലും വാങ്ങാറില്ല. മോഹൻലാൽ എന്ന വികാരം കണ്ട് സൈന്യത്തിൽ ചേർന്ന നിരവധി യുവാക്കളുണ്ട്. സിനിമയിലൂടെയും അല്ലാതെയും അദ്ദേഹം നൽകുന്ന പ്രചോദനം സൈന്യത്തിന് വലിയ ഗുണമാണ് നൽകുന്നതെന്നും, ആ ലക്ഷ്യം മുൻനിർത്തിയാണ് സൈന്യം അദ്ദേഹത്തിന് ഈ ബഹുമതി നൽകിയതെന്നും മേജർ രവി കൂട്ടിച്ചേർത്തു.

Similar News