പിതാവിനെ അനാഥാലയത്തിൽ തള്ളിയെന്ന പ്രചാരണം വ്യാജം; മറുപടിയുമായി അമൃതയും അഭിരാമിയും
24 ന്യൂസ് ചാനലിലെ 'തമ്മിൽ തമ്മിൽ' എന്ന പരിപാടിയിൽ മിത്രകുലം കമ്യൂൺ ട്രസ്റ്റി അനിൽ ജോസ് നടത്തിയ പരാമർശങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതാണ് വിവാദങ്ങൾക്ക് കാരണമായത്. സുരേഷ് മരിക്കുന്നതിന് മുൻപ് തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന അനിൽ ജോസിന്റെ വാക്കുകളെ മുൻനിർത്തി, അമൃതയും കുടുംബവും അച്ഛനെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ചു എന്ന തരത്തിൽ ചില യൂട്യൂബ് ചാനലുകൾ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു.
അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ പി.ആർ. സുരേഷിന്റെ അവസാന കാലഘട്ടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ മക്കളും ഗായികമാരുമായ അമൃത സുരേഷും അഭിരാമി സുരേഷും രംഗത്തെത്തി. 24 ന്യൂസ് ചാനലിലെ 'തമ്മിൽ തമ്മിൽ' എന്ന പരിപാടിയിൽ മിത്രകുലം കമ്യൂൺ ട്രസ്റ്റി അനിൽ ജോസ് നടത്തിയ പരാമർശങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതാണ് വിവാദങ്ങൾക്ക് കാരണമായത്. സുരേഷ് മരിക്കുന്നതിന് മുൻപ് തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന അനിൽ ജോസിന്റെ വാക്കുകളെ മുൻനിർത്തി, അമൃതയും കുടുംബവും അച്ഛനെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ചു എന്ന തരത്തിൽ ചില യൂട്യൂബ് ചാനലുകൾ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ പിതാവ് ആ സ്ഥാപനത്തിലെ അന്തേവാസിയായിരുന്നില്ലെന്നും മറിച്ച് ആ കമ്യൂണിന്റെ ട്രസ്റ്റിയായിരുന്നുവെന്നും അമൃതയും അഭിരാമിയും വ്യക്തമാക്കി.
സംഗീതത്തെ സ്നേഹിക്കുന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട ആളുകൾ ഒരുമിച്ച് താമസിക്കുന്ന കമ്യൂണുകളുടെ ഭാഗമാകാൻ അച്ഛന് ഏറെ ഇഷ്ടമായിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് അദ്ദേഹം അവിടെ സമയം ചെലവഴിച്ചിരുന്നതെന്നും സഹോദരിമാർ പറഞ്ഞു. അവിടത്തെ ആളുകളെ സംഗീതം പഠിപ്പിക്കാനും അവരെ വേദികളിലെത്തിക്കാനും അദ്ദേഹം മുൻകൈ എടുത്തിരുന്നു. അച്ഛന്റെ ഇത്തരം തീരുമാനങ്ങളെ പിന്തുണയ്ക്കുകയാണ് തങ്ങൾ ചെയ്തിട്ടുള്ളതെന്നും ഇത്രയും കാലം തങ്ങളുടെ വ്ലോഗുകളിലൂടെയും മറ്റും അച്ഛൻ കുടുംബത്തോടൊപ്പം എത്രത്തോളം സന്തോഷവാനായിരുന്നുവെന്ന് കണ്ടവർക്ക് സത്യം അറിയാമെന്നും അവർ കൂട്ടിച്ചേർത്തു. ഒരാളുടെ വാക്കുകൾ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി തങ്ങളെ വേട്ടയാടരുതെന്നും അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണമെന്നും അമൃതയും അഭിരാമിയും സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.