'കുഴികുത്തി കഞ്ഞി കുടി' വിവാദം: ജാതി അധിക്ഷേപമല്ല, അത് ബാല്യകാല സ്മരണയെന്ന് കൃഷ്ണകുമാർ
തന്റെ വാക്കുകൾ ജാതീയമായ അധിക്ഷേപമാണെന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി
സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ച 'കുഴികുത്തി കഞ്ഞി കുടി' പരാമർശത്തിൽ വിശദീകരണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തന്റെ വാക്കുകൾ ജാതീയമായ അധിക്ഷേപമാണെന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. മുൻപ് ഭാര്യ സിന്ധു കൃഷ്ണയുടെ വ്ലോഗിലൂടെ പഴയകാല ഓർമ്മകൾ പങ്കുവെച്ചപ്പോഴായിരുന്നു കൃഷ്ണകുമാർ ഈ പരാമർശം നടത്തിയത്. എറണാകുളത്തെ ഒരു ഹോട്ടലിൽ വെച്ച് പഴഞ്ചോറ് കഴിക്കുന്നതിനിടയിൽ പണ്ടത്തെ ഭക്ഷണരീതികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താനെന്നും താരം പറഞ്ഞു.
പണ്ട് വീട്ടിൽ കൃഷിപ്പണിക്ക് വരുന്നവർക്ക് ഇലയിൽ കഞ്ഞി വിളമ്പുമ്പോൾ അത് ഒഴുകിപ്പോകാതിരിക്കാൻ മണ്ണിൽ ചെറിയ കുഴിയുണ്ടാക്കി അതിൽ ഇല വെച്ച് നൽകുന്ന രീതിയുണ്ടായിരുന്നു. ആ രീതിയിൽ ഭക്ഷണം കഴിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണെന്നും തനിക്കും സഹോദരങ്ങൾക്കും അത് മനോഹരമായ ബാല്യകാല സ്മരണകളാണെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിൽ ജാതീയമായ യാതൊരു വിവേചനവും ഉണ്ടായിരുന്നില്ലെന്നും തന്റെ വീട്ടിൽ പണിക്ക് വന്നിരുന്ന വ്യക്തി കരുണാകരൻ നായർ എന്നയാളായിരുന്നുവെന്നും അദ്ദേഹത്തിന്റെ കൊച്ചുമകൻ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.
ചിലർ തന്റെ വാക്കുകളെ മറ്റൊരു രീതിയിലുള്ള നരേറ്റീവ് ആക്കി മാറ്റുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ താല്പര്യങ്ങൾ വെച്ച് തന്റെ വാക്കുകൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് ആരെങ്കിലും പണം സമ്പാദിക്കുന്നുണ്ടെങ്കിൽ അതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു. ജാതീയമായ അധിക്ഷേപം എന്ന നിലയിൽ ഉയർന്ന ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ കൃഷ്ണകുമാർ, സത്യം മനസ്സിലാക്കാതെയാണ് പലരും വിമർശിക്കുന്നതെന്നും വ്യക്തമാക്കി.