117 മുറി, ഒരു രാത്രിക്ക് ഒരു ലക്ഷം, മൊബൈല്‍ വിലക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി രശ്മിക-വിജയ് ദേവര് കൊണ്ട വിവാഹ ഒരുക്കം
ഇരുവരുടെയും പ്രണയയാത്രയുടെ തുടക്കം 2017-ലായിരുന്നു. 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്
തെലുങ്ക് സിനിമാലോകത്തെ പ്രിയജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാവാന്‍ ഒരുങ്ങുകയാണ്. ഇരുവരുടെയും പ്രണയയാത്രയുടെ തുടക്കം 2017-ലായിരുന്നു. 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു. തുടർന്ന് 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി.ഫെബ്രുവരി 26 നാണ് വിവാഹച്ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ സിനിമാ മേഖലയ്ക്കായി വിവാഹ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. ഉദയ്പൂരിലെ ലോകപ്രശസ്തമായ 'മെമെന്റോസ് ബൈ ഐടിസി ഹോട്ടല്‍സ്, ഏക്കായ' എന്ന പഞ്ചനക്ഷത്ര റിസോര്‍ട്ടാണ് വിവാഹവേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്.അടുത്ത 230 കുടുംബാംഗങ്ങളെയും പ്രത്യേക വിശിഷ്ട വ്യക്തികളെയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. വിവാഹ ഫോട്ടോകള്‍ ചോരാതിരിക്കാന്‍ മൊബൈല്‍ ക്യാമറയ്ക്ക് കര്‍ശനമായ വിലക്കുണ്ട്. ഇതുകൂടാതെ രാജ്യാന്തര സുരക്ഷാ ഏജന്‍സിയുടെ നേതൃത്വത്തില്‍ കര്‍ശനമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ഈ ഹോട്ടലിലെ ആകെ 117 മുറികളും വിവാഹത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്.