നാനി - ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിലെ 'ആയാ ഷേര്‍' ഗാനം പുറത്ത്
കാസര്‍ല ശ്യാം വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്ഡി, അക്നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ്.
തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ദ പാരഡൈസ്'ലെ ആദ്യ ഗാനമായ 'ആയാ ഷേര്‍' പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് 'ആയാ ഷേര്‍' ഒരുക്കിയിരിക്കുന്നത്. കാസര്‍ല ശ്യാം വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്ഡി, അക്നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയതും. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ദസറയുടെ നിര്‍മ്മാതാവായ സുധാകര്‍ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ ആണ് അദ്ദേഹം ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ജേഴ്‌സി, ഗാങ് ലീഡര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാനിയും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'. മാസ്സ്, സ്‌റ്റൈലിഷ് ലുക്കിലാണ് നാനിയെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു ചേരിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന, ഒട്ടേറെ നര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അണിനിരന്ന 'ആയാ ഷേര്‍' എന്ന ഗാനത്തിന്റെ ഹൈലൈറ്റ് അനിരുദ്ധിന്റെ സംഗീതത്തോടൊപ്പം നാനിയുടെ നൃത്ത ചുവടുകളുമാണ്. ജദാല്‍ എന്ന് പേരുള്ള മാസ്സ് കഥാപാത്രമായാണ് നാനി ഈ ചിത്രത്തിലെത്തുന്നത്. അടുത്തിടെയാണ് 'ആയാ ഷേര്‍' ഹൈദരാബാദിലെ വമ്പന്‍ സെറ്റില്‍ ഒരുക്കിയത്. വിജയ് ചിത്രം ജന നായകനില്‍ പ്രവര്‍ത്തിച്ച നൃത്തസംവിധായകന്‍ സുധന്‍ മാസ്റ്റര്‍ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്.
നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് 'ദ് പാരഡൈസ്' എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍, സ്പാര്‍ക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്‌സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിന്റെ താരനിരയിലുണ്ട്. സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
100 കോടി ക്ലബില്‍ ഇടം പിടിച്ച ദസറക്ക് ശേഷം ശ്രീകാന്ത് ഒഡേല എന്ന സംവിധായകന്റെ സംവിധാന മികവും സൂക്ഷ്മമായ കാഴ്ചപ്പാടും എല്ലാം ബ്രഹ്‌മാണ്ഡ കാന്‍വാസില്‍ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക ചിത്രമായിരിക്കും 'ദ പാരഡൈസ്'. ആഗോള തലത്തില്‍ എട്ട് ഭാഷകളില്‍ ആണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ ചിത്രമെത്തും.
രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിര്‍മ്മാതാവ്- സുധാകര്‍ ചെറുകുറി, ബാനര്‍- എസ്എല്‍വി സിനിമാസ്, ഛായാഗ്രഹണം - സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് - നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ - അവിനാഷ് കൊല്ല, ഓഡിയോ - സരിഗമ മ്യൂസിക്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.