അല്ലു അർജുൻ ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നടന്മാരിൽ ഒരാളാണ്. പുഷ്പ 2 ന് വേണ്ടി അല്ലു അർജുൻ 300 കോടിയാണ് പ്രതിഫലമായി വാങ്ങിയത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനാണ് ഇപ്പോൾ തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ.
എന്നാൽ അല്ലു അർജുൻ , കമൽഹാസൻ്റെ ചെറുമകനായി അഭിനയിച്ച കാര്യം ആളുകൾക്ക് അത്ര പരിചയം കാണില്ല. ബാലതാരമായിരുന്ന കാലത്ത് ഐക്കൺ സ്റ്റാർ ഒരിക്കൽ കമൽ ഹാസനുമായി സ്‌ക്രീൻ പങ്കിട്ടിരുന്നു. 1986ലെ തെലുങ്ക് ചിത്രമായ സ്വാതി മുത്യത്തിൽ ആയിരുന്നു അല്ലു അർജുൻ കമൽ ഹാസൻ്റെ ചെറുമകൻ്റെ വേഷം ചെയ്തത്.
കെ.വിശ്വനാഥ് രചനയും സംവിധാനവും നിർവ്വഹിച്ച റൊമാൻ്റിക് ചിത്രമാണ് സ്വാതി മുത്യത്തിൽ. മസ്തിഷ്ക ക്ഷതം മൂലം ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന അനാഥനായ ഒരു ശിവയ്യ എന്ന കഥാപാത്രമാണ് കമൽ ഹസൻ അവതരിപ്പിച്ചത്. തെലുങ്ക് സിനിമയിൽ നിന്നുള്ള ഒരു കൾട്ട് ക്ലാസിക് സിനിമയായ ഈ ചിത്രത്തിൽ ശിവയ്യയുടെ ചെറുമകൻ ആയി ആണ് കുഞ്ഞു അല്ലു അർജുൻ വേഷമിട്ടത്.
കമൽഹാസൻ പ്രധാന വേഷത്തിലും അല്ലു അർജുൻ ബാലതാരമായും അഭിനയിച്ച ഈ ചിത്രത്തിൽ രാധിക ശരത്കുമാർ, ഗൊല്ലപ്പുടി മാരുതി റാവു, ജെ വി സോമയാജുലു, നിർമ്മലാമ്മ, ശരത് ബാബു തുടങ്ങി നിരവധി അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം സ്വാതി മുത്തു എന്ന പേരിൽ കന്നടയിലും , അനിൽ കപൂർ അഭിനയിച്ച ഈശ്വർ എന്ന പേരിൽ ഹിന്ദിയിലും റീമേക്ക് ചെയ്തിട്ടുണ്ട്.