കളങ്കാവലിന് പിന്നാലെ ചർച്ചയായി ഹിന്ദി വെബ്സീരീസ് ദഹാദ്
സൈനഡ് മോഹന്റെ കഥ പറയുന്ന ഹിന്ദി സീരീസ് ആണ് ദഹാദ്;
കളങ്കാവൽ സിനിമ ഇറങ്ങിയത് മുതൽ ചർച്ച ചെയ്യപ്പെട്ട മറ്റൊരു വെബ് സീരീസ് ആണ് ദഹാദ്.
വെബ് സീരീസ് ചർച്ച ചെയ്യുന്നതും സൈനഡ് മോഹന്റെ കഥതന്നെ ആണ് എന്നതാണ് വീണ്ടും ചർച്ച ചെയ്യപ്പെടാനുള്ള കാരണം.
രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിൽ, പല യുവതികളെയും കാണാതാവുകയും പിന്നീട് പൊതു ടോയ്‌ലെറ്റുകളിൽ അവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന സംഭവങ്ങളോടെയാണ് കഥ ആരംഭിക്കുന്നത്. പലരും ഇതിനെ ആത്മഹത്യയായി എഴുതിത്തള്ളുന്നു. മിക്കവാറും പേർ താഴ്ന്ന ജാതിയിൽപ്പെട്ടവരും, വീട്ടുകാരുടെ എതിർപ്പ് കാരണം ഒളിച്ചോടിപ്പോയവരുമാണ്. അതിനാൽ ആരും പരാതി നൽകാനോ കൂടുതൽ അന്വേഷണം നടത്താനോ തയ്യാറാകുന്നില്ല.
എന്നാൽ എസ്.ഐ. അഞ്ജലി ഭാട്ടി ഈ കേസുകൾ തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് സംശയിക്കുകയും ഇതൊരു സീരിയൽ കില്ലറുടെ പ്രവൃത്തിയാണെന്ന് വാദിക്കുകയും ചെയ്യുന്നു. അഞ്ജലി ആവട്ടെ ഒരു ദളിത് വിഭാഗത്തിൽ പെടുന്ന സബ് ഇൻസ്പെക്ടർ കൂടിയാണ്.പിന്നീട്
ഉന്നത ഉദ്യോഗസ്ഥനായ ദേവി ലാൽ സിംഗിന്റെ പിന്തുണയോടെ അഞ്ജലിയും സംഘവും അന്വേഷണം ആരംഭിക്കുന്നു.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത്, പ്രത്യേകിച്ചും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും വിവാഹ തടസ്സങ്ങൾ നേരിടുന്നതുമായ യുവതികളെയാണ് ആനന്ദ് ലക്ഷ്യമിടുന്നത്.
ഒരുമിച്ച് ഒളിച്ചോടിപ്പോയ ശേഷം, ഗർഭനിരോധന ഗുളികയെന്ന വ്യാജേന സയനൈഡ് ഗുളിക നൽകി യുവതികളെ അയാൾ കൊലപ്പെടുത്തുന്നു. അവരുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി അയാൾ അടുത്ത ഇരയെ തേടുന്നു.ഇത് തന്നെയാണ് കഥാതന്തു.
ആനനന്ദിൽ സംശയം തോന്നിയ അഞ്ജലി അയാളുടെ ജീവിതത്തിൽ കടന്നു ചെല്ലുകയും, പല തെളിവുകളുടെയും അടിസ്ഥാനത്തിൽ ആനന്ദാണ് കൊലയാളിയെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു.
ഒരു മാന്യനായ അധ്യാപകനെന്ന മുഖംമൂടി അണിഞ്ഞാണ് അയാൾ ഈ ക്രൂരകൃത്യങ്ങൾ ചെയ്തിരുന്നത്.
കുറ്റാന്വേഷണത്തിനൊപ്പം തന്നെ ജാതിവിവേചനം, സ്ത്രീവിരുദ്ധത, സ്ത്രീകളുടെ സുരക്ഷ, വിവാഹ സമ്മർദ്ദങ്ങൾ തുടങ്ങിയ സാമൂഹിക വിഷയങ്ങളും ഈ സീരീസ് ചർച്ച ചെയ്യുന്നു. കീഴ്ജാതിക്കാരിയായ അഞ്ജലിയുടെ പോലീസ് ജീവിതത്തിലെ വെല്ലുവിളികളും, സമൂഹം സ്ത്രീകളോട് വെച്ചുപുലർത്തുന്ന ഇരട്ടത്താപ്പുകളും സീരീസ് വരച്ചുകാട്ടുന്നു.
നിരവധി നാടകീയ സംഭവങ്ങൾക്കൊടുവിൽ അഞ്ജലിയും സംഘവും ആനന്ദിനെ പിടികൂടുന്നു. താൻ കൊന്ന സ്ത്രീകൾ ശിക്ഷ അർഹിക്കുന്നവരായിരുന്നു എന്ന രീതിയിൽ, ഒരു കുറ്റബോധവുമില്ലാതെ സംസാരിക്കുന്ന ആനന്ദിനോടുള്ള പ്രതിഷേധ സൂചകമായി, അഞ്ജലി തന്റെ ജാതിപ്പേരായ 'മേഘ്‌വാൾ' തിരികെ തന്റെ പേരിനൊപ്പം ഉപയോഗിക്കാൻ തീരുമാനിക്കുന്നു.
- 'ദഹാദ്' ഒരു സാധാരണ ക്രൈം ത്രില്ലർ എന്നതിലുപരി, ഇന്ത്യൻ സമൂഹത്തിലെ യാഥാസ്ഥിതിക ചിന്തകളെയും വിവേചനങ്ങളെയും വിമർശിക്കുന്ന ഒരു സാമൂഹിക വിമർശനം കൂടിയാണ്.