'മോഹൻലാൽ വിളിച്ചാലും ബിഗ്ബോസിലേക്കില്ല': കാരണം വ്യക്തമാക്കി നടി മായ വിശ്വനാഥ്
പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു റിയാലിറ്റി ഗെയിം ഷോ ആണ് ബിഗ്ബോസ്. മലയാളം ബിഗ്ബോസിന്റെ ഏഴാം സീസണായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈ സീസണിന്റെ ലോഗോ പുറത്തുവന്നത് മുതൽക്കു തന്നെ ഇത്തവണത്തെ ബിഗ്ബോസിൽ ആരൊക്കെ ഉണ്ടാകും എന്ന കണക്കു കൂട്ടലുകൾ ജനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ മോഹൻലാൽ വിളിച്ചാലും ബിഗ്ബോസിലേക്കില്ലെന്ന് പറയുകയാണ് നടി മായാ വിശ്വനാഥ്.ഇനി അഥവാ 10 കോടി തരാമെന്നുണ്ടെങ്കിൽ പോകുമെന്നും പുറത്തിറങ്ങിയാലും നമുക്ക് ജീവിക്കണമല്ലോ എന്നും മായ പറയുന്നു.
'ബിഗ് ബോസില്‍ നേരത്തെ തന്നെ പോകേണ്ടിയിരുന്ന ഒരു വ്യക്തിയാണ് ഞാന്‍. 2020 ല്‍ ബിഗ് ബോസ് തുടങ്ങിയത് മുതല്‍ വിളിക്കുന്നുണ്ട്. ഒരിക്കല്‍ വിളിച്ചപ്പോള്‍ എന്റെ സഹോദരിയുടെ മകന്റെ വിവാഹമായിരുന്നു. അത് കഴിഞ്ഞിട്ട് വന്നോളു എന്ന് പറഞ്ഞു. സർപ്രൈസ് പോലെ എന്നെ കയറ്റനായിരുന്നു നീക്കം. രജിത് കുമാർ സാറൊക്കെയുള്ള സീസണാണ്. അദ്ദേഹത്തിന് എതിരായി നില്‍ക്കണം എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അങ്ങനെ ആർക്കും എതിരായി ഞാന്‍ നില്‍ക്കില്ലെന്ന് പറഞ്ഞു.
എനിക്ക് എന്റേതായ അഭിപ്രായമുണ്ട്, പുള്ളിക്ക് പുള്ളിയുടേതായ അഭിപ്രായവുമുണ്ട്. അങ്ങനെ പോകാനായി എല്ലാം തയ്യാറായി. വെള്ളിയാഴ്ചയാണ് വിമാനം കയറേണ്ടതുണ്ട്. അന്ന് രാവിലെയാണ് ഇവർ എന്നെ ചീറ്റ് ചെയ്യുമെന്ന് എനിക്ക് തോന്നിയത്. എനിക്ക് കിട്ടിയ മറ്റൊരു വർക്കില്‍ നിന്നും മാറി നില്ക്കുന്ന സമയമാണ്. ഒടുവില്‍ ഞാന്‍ അങ്ങോട്ട് വിളിച്ചപ്പോഴാണ് ഒരാളെ തിരിച്ച് കയറ്റി വേറെ ആരേയും കയറ്റുന്നില്ലെന്ന് പറഞ്ഞത്. ഒന്നും പറയാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് കോഴിക്കോട് പോയെന്നും നടി പറയുന്നു.
അവിടെ എത്തിയ സമയത്താണ് അമൃതയേയും അഭിരാമിയേയും കയറ്റിയതായി അറിഞ്ഞത്. ഞാന്‍ അത് ആരോടും വിളിച്ച് ചോദിക്കാന്‍ പോയില്ല. ഇതേക്കുറിച്ച് ചാനലില്‍ വിളിച്ച് ചോദിക്കാന്‍ എല്ലാവരും എന്നോട് പറഞ്ഞിരുന്നു. അങ്ങനെ ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ എന്തോ കുഴപ്പക്കാരിയാണെന്ന് പറയും. അന്ന് ഞാനെടുത്ത തീരുമാനമാണ് ഇനി എന്ത് വന്നാലും ബിഗ് ബോസിലേക്ക് ഇല്ലെന്ന്. അല്ലെങ്കില്‍ അവർ എനിക്ക് 10 കോടി രൂപ തരട്ടെ.
കഴിഞ്ഞ പ്രാവശ്യം വിളിച്ചപ്പോള്‍ തന്നെ ഇനി ബിഗ് ബോസിലേക്ക് ഇല്ലെന്ന് അവരോട് വ്യക്തമാക്കിയതാണ്. അന്ന് എനിക്ക് സാമ്പത്തികപരമായും മറ്റും ഒരുപാട് നഷ്ടം വന്നിരുന്നു. അതൊക്കെ അവരോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഈ സീസണിലേക്ക് വിളി വന്നിട്ടില്ല. ഇനി അങ്ങനെ ഒരു ക്ഷണം വരികയാണെങ്കിലും ബിഗ് ബോസിലേക്ക് ഇല്ലെ'ന്നും താരം ഉറപ്പിച്ച് പറയുന്നു. ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മായ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.