സംവിധായകൻ സമീർ താഹിറിനെ ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Update: 2025-05-06 05:54 GMT

യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതും. യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിലാണ് സമീർ താഹിറിനെ അറസ്റ്റുചെയ്തത്. ഇവരെ ദിവസങ്ങൾക്ക് മുൻപ് ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടികൂടിയത് സമീര്‍ താഹിറിന്റെ പേരിലുള്ള ഫ്‌ലാറ്റില്‍ നിന്നാണ്. എന്നാൽ ഏഴുവർഷം മുൻപ് ഫ്ലാറ്റ് വാടകക്കെടുത്തതെന്നും അവിടേക്ക് പിടിയിലായ സംവിധായകർ അവിടെ ലഹരി ഇടപാട് നടത്തിയതിനെപ്പറ്റി തനിക്ക് അറിയില്ലെന്നുമാണ് സമീർ താഹിർ മൊഴി നൽകിയത്.

കഴിഞ്ഞയാഴ്ച കൊച്ചിയിലെ സമീര്‍ താഹിറിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ, ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദ് എന്നിവരെ 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ഇവരുമായി ലഹരി ബന്ധമുള്ള മറ്റുള്ളവരെ കണ്ടെത്താനായി എക്സൈസ് അന്വേഷണം നടത്തി വരികയാണ്. അതിന്റെ ഭാഗമായി സമീര്‍ താഹിറിന്റെ അറിവോടെയാണോ ഫ്‌ലാറ്റില്‍ കഞ്ചാവ് ഉപയോഗിച്ചതെന്ന് അറിയാനാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. കൂടാതെ സിനിമക്ക് അകത്തും പുറത്തുമായി ആരൊക്കെ ഇവിടെ എത്തി ലഹരി ഉപയോഗിച്ച് എന്ന് മനസിലാക്കാനുള്ള ശ്രമങ്ങളും എക്സൈസ് നടത്തുന്നുണ്ട്. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ സമീർ താഹിറിനെ വൈകിട്ടോടെ ചോദ്യം ചെയ്യല്‍ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. 

Tags:    

Similar News