'അന്നുമുതല്‍ ഇന്നുവരെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും എളിമയുള്ള കലാകാരന്‍ ആണ് അദ്ദേഹം': ശോഭന

Update: 2025-06-10 10:16 GMT

എന്നും ഓർമ്മിക്കുന്ന നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായൊരു സ്ഥാനം നേടിയെടുത്ത കലാകാരിയാണ് ശോഭന. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും നായികയായി ശോഭന തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ അമിതാബ് ബച്ചനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് ശോഭന. താൻ അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും എളിമയുള്ള നടനാണ് അമിതാബ് ബച്ചനെന്നാണ് ശോഭന പറയുന്നത്. അദ്ദേഹത്തോട് ഒപ്പമുള്ള ഒരു ഗാനരംഗത്തെ ചിത്രീകരണത്തിനിടയിൽ കോസ്റ്റ്യും മാറേണ്ട സാഹചര്യം വന്നപ്പോൾ പ്രൊഡക്ഷനിൽ ഉള്ള ഒരാൾ മലയാള നേടിയല്ലേ അവർ അഡ്ജസ്റ്റ് ചെയ്യും ഏതെങ്കിലും മരത്തിന്റെ പിറകിൽ പോയി മാറാൻ പറഞ്ഞെന്നും എന്നാൽ ഇത് കേട്ട അമിതാബ് ബച്ചൻ വസ്ത്രം മാറാനായി തന്റെ കാരവാൻ ഉപയോഗിക്കാൻ പറഞ്ഞശേഷം കാരവാനിൽ നിന്നും മാറി തന്നെന്നും ശോഭന പറയുന്നു. അത് കാരവാൻ അധികം ഉപയോഗിക്കാത്ത കാലമായിരുന്നെന്നും ആകെ കാരാവാനുണ്ടായിരുന്നത് അമിതാബ് ബച്ചനായിരുന്നെന്നും ശോഭന പറയുന്നുണ്ട്.

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിനൊപ്പം ഞാന്‍ ചെറിയ ഒരു ഗാനരംഗത്ത് അമിതാഭ് ബച്ചന്റെ കൂടെ അഭിനയിച്ചിരുന്നു. അഹമ്മദാബാദില്‍ ആണ് ഷൂട്ടിങ് നടക്കുന്നത്. പാട്ട് രംഗമാണ്, ഒരുപാട് കോസ്റ്റ്യൂം മാറി മാറി ധരിക്കേണ്ടി വന്നിരുന്നു. ഷൂട്ടിങ് കാണാനായി ഒരുപാട് ആളുകളും ചുറ്റും കൂടിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ എന്റെ കാരവാന്‍ എവിടെ എന്ന് ഞാന്‍ ചോദിച്ചു. അന്ന് കാരവാന്‍ സൗകര്യങ്ങള്‍ ഒന്നും കോമണല്ല. ബച്ചന്‍ സാറിന് കാരവാന്‍ ഉണ്ടായിരുന്നു. അപ്പോള്‍ പ്രൊഡക്ഷനില്‍ ഉണ്ടായിരുന്ന ആരോ ഒരാള്‍ പറഞ്ഞു, ‘ആഹാ അവര്‍ മലയാള സിനിമയില്‍ നിന്നുള്ള നടിയല്ലേ, അവരെല്ലാം വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ആളുകളാണ്. ഏതെങ്കിലും മരത്തിന്റെ മറവില്‍ ചെന്ന് വസ്ത്രം മാറാന്‍ പറയൂ’ എന്ന്.

ഇത് വാക്കി ടോക്കിയിലൂടെ കേട്ട ബച്ചന്‍ സര്‍ ഉടനെ പുറത്തു വന്നിട്ട്, ‘ആരാണ് അങ്ങനെ പറഞ്ഞത്’ എന്ന് ചോദിച്ചു. അതിനുശേഷം അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ കാരവാനിലേക്ക് ക്ഷണിക്കുകയും അവിടെ നിന്ന് വസ്ത്രം മാറാന്‍ പറയുകയും ചെയ്തു. എനിക്ക് വേണ്ടി അദ്ദേഹം കാരവാനില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തു.

അത്രയും കൂടെ ജോലി ചെയ്യുന്നവരെ പരിഗണിക്കുന്ന സൂപ്പര്‍സ്റ്റാറാണ് അമിതാഭ് ബച്ചന്‍. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും എളിമയുള്ള കലാകാരന്‍ തന്നെയാണ് ബച്ചന്‍ സാര്‍,’ ശോഭന പറയുന്നു. 

Tags:    

Similar News