'പണത്തിന് വേണ്ടിയാണ് ഞങ്ങൾ മോളെ അഭിനയിപ്പിക്കാൻ വിടുന്നതെന്ന തരത്തിൽ കമന്റുകൾ വരുമ്പോൾ സങ്കടം തോന്നും': പാറുകുട്ടിയുടെ 'അമ്മ ഗംഗാ ലക്ഷ്മി
നാലുമാസം പ്രായമുള്ളപ്പോൾ ക്യാമറക്ക് മുന്നിൽ മുഖം കാണിക്കാൻ തുടങ്ങിയതാണ് ബേബി അമേയ അഥവാ പ്രേക്ഷകപ്രിയ പരമ്പര ഉപ്പും മുളകിലെ പാറുക്കുട്ടി. 4 മാസം മുതൽ പരമ്പരയിൽ നീലുവിന്റെയും ബാലുവിന്റെയും മകളായി എത്തിയ പാറുക്കുട്ടി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സമൂഹമാധ്യമങ്ങളിലും ആള് താരമാണ്. ഇപ്പോഴിതാ പാറുക്കുട്ടിയെ അഭിനയിക്കാൻ വിടുന്നതിന്റെ പേരിൽ തങ്ങൾ ഒരുപാട് വിമർശനങ്ങൾ കേട്ടിട്ടുണ്ടെന്ന് ഉണ്ടെന്ന് തുറന്ന് പറയുകയാണ് 'അമ്മ ഗംഗാ ലക്ഷ്മി.
”മകൾ ചെറിയ പ്രായം മുതൽ സമ്പാദിക്കാൻ തുടങ്ങി എന്നതിൽ സന്തോഷമേയുള്ളു. എന്നാൽ, കുഞ്ഞിനെ പണത്തിന് വേണ്ടി അഭിനയിപ്പിക്കുകയാണെന്ന് കരുതുന്നവരുമുണ്ട്. മോളുടെ പണം കൊണ്ട് ഞങ്ങൾ ജീവിക്കുന്നുവെന്ന തരത്തിൽ വിമർശനം വരാറുണ്ട്. ഞങ്ങൾ ജോലിയും മറ്റു പല കാര്യങ്ങളും ഉപേക്ഷിച്ചിട്ടാണ് മോളുടെ ഷൂട്ടിന് വേണ്ടി സമയം കണ്ടെത്തുന്നത്. മോൾക്ക് ഒരു വരുമാനം വരുന്നുവെന്നത് വലിയ കാര്യം തന്നെയാണ്. പക്ഷേ, ആ പണത്തിന് വേണ്ടിയാണ് ഞങ്ങൾ മോളെ അഭിനയിപ്പിക്കാൻ വിടുന്നതെന്ന തരത്തിൽ കമന്റുകൾ വരുമ്പോൾ സങ്കടം തോന്നും”, ഗംഗാ ലക്ഷ്മി പറഞ്ഞു.
മോളെ ആദ്യമായി ക്യാമറക്ക് മുന്നിൽ കണ്ട സീനാണ് ഏറ്റവും ഇഷ്ടമുള്ളതെന്ന് ഗംഗാ ലക്ഷ്മി പറയുന്നു. ആറു മാസം വരെ അഭിനയിപ്പിക്കാമെന്ന് കരുതിയാണ് ആരംഭിച്ചതെന്നും എന്നാൽ മകൾക്ക് നല്ല കെയറും സപ്പോർട്ടും കിട്ടിയതുകൊണ്ടാണ് അഭിനയിപ്പിക്കൽ തുടർന്നതെന്നും അമ്മ പറഞ്ഞു.
‘നാലര മാസം പ്രായമുള്ളപ്പോഴാണ് മോൾ ആദ്യത്തെ സീനിൽ അഭിനയിച്ചത്. ആ സീൻ ഞങ്ങൾക്ക് നല്ല ഓർമയുണ്ട്. ഏറ്റവും ഇഷ്ടമുള്ളതും ആ സീനാണ്. ഞങ്ങൾക്ക് ഈ മേഖലയെ കുറിച്ച് വലിയ അറിവൊന്നുമില്ല. അതുകൊണ്ട് തന്നെ ഒരു ആറ് മാസം നോക്കാമെന്ന് കരുതിയാണ് കുഞ്ഞിനെ അഭിനയിപ്പിക്കാൻ കൊണ്ടുചെന്നത്. മോൾക്ക് നല്ല കെയറും സപ്പോർട്ടും അവിടെ കിട്ടിയതുകൊണ്ടാണ് ഞങ്ങൾ ഈ ഫീൽഡിൽ തന്നെ തുടർന്നത്‘,ഗംഗാ ലക്ഷ്മി കൂട്ടിച്ചേർത്തു.