ജീവനക്കാരുടെ തട്ടിപ്പ് മനസിലായത് സ്ഥാപനത്തിലെത്തിയ ദിയയുടെ സുഹൃത്തിനുണ്ടായ സംശയത്തിൽ നിന്ന്': കൃഷ്ണ കുമാർ
ജീവനക്കാരെ തട്ടിക്കൊണ്ടുപോയി പണം കവർന്നെടുത്തെന്ന പരാതിയിൽ കൂടുതൽ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ. ജീവനക്കാരികൾ തങ്ങളിൽ നിന്ന് തട്ടിയെടുത്ത പണം തിരികെ തരികയാണ് ഉണ്ടായതെന്ന് കുടുംബം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മകൾ ദിയ ഗർഭിണി ആയതിനു ശേഷം സ്ഥാപനത്തിലേക്ക് അധികം പോയിരുന്നില്ലെന്നും ആ അവസരം മുതലാക്കി ജീവനക്കാരികൾ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തുക ആയിരുന്നെന്നും കൃഷ്ണകുമാർ പറഞ്ഞു. സ്ഥാപനത്തിൽ എത്തിയ ദിയയുടെ സുഹൃത്തിനുണ്ടായ സംശയം തങ്ങളെ അറിയിക്കുകയും അതെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും കൃഷ്ണകുമാർ പറയുന്നു.
മകൾ ദിയ ഗർഭിണിയായപ്പോൾ സ്ഥാപനത്തിലേക്ക് എന്നും പോകാൻ കഴിയാതെയായി. കാര്യങ്ങൾ നോക്കിയിരുന്ന മൂന്ന് ജീവനക്കാരികൾ സ്ഥാപനത്തിന്റെ ക്യുആർ കോഡ് തകരാറിലാണെന്നു ധരിപ്പിച്ച് ഇടപാടുകാരിൽനിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിക്കുകയായിരുന്നു.
ദിയയുടെ ഒരു സുഹൃത്ത് സ്ഥാപനത്തിലെത്തിയപ്പോൾ സംശയംതോന്നി വിളിച്ചുപറഞ്ഞപ്പോഴാണ് ഞങ്ങൾ തട്ടിപ്പ് അറിയുന്നത്. 69 ലക്ഷംരൂപ തട്ടിച്ചതായി മനസ്സിലായി. ഇക്കാര്യം ചോദിച്ചതോടെ മൂന്നുപേരും ജോലി മതിയാക്കി പോയി. പോലീസിൽ പരാതികൊടുക്കുമെന്ന് അറിയിച്ചതോടെ മൂന്നുപേരും ഞങ്ങൾ താമസിക്കുന്ന ഫ്ളാറ്റിന്റെ താഴെവരുകയും പണമെടുത്തിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. മൂന്നുമണിക്കൂറിനകം 8.82 ലക്ഷംരൂപ കൊണ്ടുതരുകയും ചെയ്തു.
അന്ന് രാത്രി ഇതിൽ ഒരു പെൺകുട്ടിയുടെ ഭർത്താവ് ദിയയെ വിളിച്ച് കാശ് തരാനാകില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി. അടുത്തദിവസം ഞങ്ങൾ കൻ്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതികൊടുത്തു. ഇതറിഞ്ഞ്, ഇവരെയും ഭർത്താക്കന്മാരെയും ഞങ്ങൾ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ച് പണം വാങ്ങിയെന്ന് അവർ മ്യൂസിയം പോലീസിൽ കൗണ്ടർ കേസ് കൊടുക്കുകയായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ട്. നീതി കിട്ടുമെന്നാണ് പ്രതീക്ഷ -അദ്ദേഹം പറഞ്ഞു