'എൽ ഫോർ ലവ്': മോഹൻലാലിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദൻ
മോഹൻലാലിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദൻ. എൽ ഫോർ ലവ് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്. എംബ്രോയ്ഡറി ഉള്ള വൈറ്റ് ഷർട്ടുകൾ ആണ് ഫോട്ടോയിൽ ഇരുവരും ധരിച്ചിരിക്കുന്നത്.
അതേസമയം മുൻ മാനേജരെ മർദ്ദിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദൻറെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി ഇന്നലെ തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് മുകുന്ദൻ പരാതി നൽകിയത്. അതേസമയം വലിയ വാർത്താപ്രാധാന്യം നേടിയ സംഭവത്തിൽ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ ഇന്നലെ വാർത്താ സമ്മേളനവും നടത്തിയിരുന്നു.
മർദിച്ചെന്ന് പറയുന്ന സ്ഥലത്തെ സിസിടിവി യിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. എന്നാൽ സിസിടിവി ഇല്ലാത്ത ഇടത്തേക്ക് മാറ്റിയാണ് തന്നെ മർദിച്ചതെന്നാണ് വിപിൻ കുമാർ ആരോപിക്കുന്നത്.
ടോവിനോതോമസിനോട് ഉണ്ണിമുകുന്ദന് ശത്രുതയുണ്ടെന്ന വിപിൻ കുമാറിന്റെ ആരോപണത്തിന് മറുപടിയായി ഇരുവരും തമ്മിലുള്ള ചാറ്റ് താരം പുറത്തുവിട്ടിരുന്നു. ടോവിനോ തന്റെ നല്ല സുഹൃത്താണെന്നും താനൊരിക്കലും ടോവിനോയെക്കുറിച്ച് അത്തരത്തിൽ പറഞ്ഞിട്ടില്ലെന്നും ഒരിക്കലും പറയുകയും ഇല്ലെന്നാണ് ഉണ്ണിമുകുന്ദൻ വ്യക്തമാക്കുന്നത്.