മോഹൻലാൽ അഭിനയിച്ച് കരയിപ്പിച്ച ഇമോഷണൽ രംഗം മറ്റൊരു ചിത്രത്തിൽ നിന്നും അടിച്ചുമാറ്റിയതെന്ന് തുറന്ന് പറഞ്ഞ് മണിയൻ പിള്ള രാജു
അഭിനേതായും നിർമ്മാതാവായും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് മണിയൻ പിള്ള രാജു. മോഹൻലാലിനെ നായകനാക്കി വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മണിയൻപിള്ള രാജു നിർമിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഏയ് ഓട്ടോ. ചിത്രത്തിലെ മോഹൻലാലിൻറെ സുധിയും രേഖ അവതരിപ്പിച്ച മീനാക്ഷി എന്ന മീനുകുട്ടിയും മലയാളികളുടെ എക്കാലത്തെയും പ്രണയ ജോഡികളാണ്. ചിത്രത്തിലെ ഗാനങ്ങളും കോമഡികളും ഉൾപ്പടെ സൂപ്പർ ഹിറ്റ്.
മോഹൻലാൽ, മുരളി, രേഖ, മണിയൻപിള്ള രാജു, കുതിരവട്ടം പട്ടു, കുഞ്ചൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു.
ഇപ്പോഴിതാ ഏയ് ഓട്ടോ എന്ന ചിത്രത്തെ കുറിച്ചും സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങളും വിശേഷങ്ങളും പങ്കു വാക്കുകയാണ് മണിയൻ പിള്ള രാജു.
ഏയ് ഓട്ടോയിൽ പകരം വക്കാനില്ലാതെ മോഹൻലാൽ അഭിനയിച്ച് കരയിപ്പിച്ച ഒരു ഇമോഷണൽ രംഗം താൻ മറ്റൊരു ചിത്രത്തിൽ നിന്ന് അടിച്ചു മാറ്റിയതാണെന്ന് തുറന്ന് പറയുകയാണ് അദ്ദേഹം.
'ഒരു സിനിമ നന്നാവണമെങ്കിൽ കണ്ടന്റ് വേണം. ഏയ് ഓട്ടോ എന്ന സിനിമയിൽ ഊണ് കഴിക്കാൻ ഇരിക്കുന്നിടത്തു നിന്ന് മോഹൻലാലിനെ ഇറക്കിവിടുന്ന ഒരു സീനുണ്ട്. ആ സീൻ ഞാൻ മോഷ്ടിച്ചത് ആഭിജാത്യം എന്ന സിനിമയിൽ നിന്നാണ്. മധു സാർ കല്യാണം കഴിക്കുന്നത് ശാരദയെ ആണ്. അനിയത്തിയെ കല്യാണം കഴിക്കുന്നത് നസീർ സാറാണ്.
വലിയ വരുമാനം ഇല്ലാത്ത മധുസാർ താഴെ ഇലയിട്ട് സദ്യ കഴിക്കാൻ ഇരിക്കുകയാണ്. പെൺകുട്ടിയുടെ അച്ഛൻ തിക്കുറിശിയാണ്. അപ്പോൾ അവിടെ വേറെ ആരോ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഇരിക്കാൻ സ്ഥലമില്ല.
മധുസാറിന്റെ കഥാപാത്രം ചോറ് കഴിക്കാൻ തുടങ്ങിയിട്ടുണ്ട്. നീ അങ്ങോട്ട് എണീക്ക്. ഇതിനിടയിൽ തന്നെ നിനക്ക് കഴിക്കണോ എന്ന് ചോദിക്കും.
അപ്പോൾ ശാരദ അദ്ദേഹത്തെ ഒന്ന് നോക്കും. അവരുടെ കണ്ണ് കലങ്ങും. മധു സാർ ഒരു വല്ലാത്ത ചിരി ചിരിച്ച് അവിടെ നിന്ന് ഇറങ്ങും. ഞാൻ ഇത് തിയേറ്ററിൽ കണ്ട് കരഞ്ഞ സീനാണ്.
നമുക്ക് ഇത് എങ്ങനെയെങ്കിലും ഇതിൽ ഉൾക്കൊള്ളിക്കണമെന്ന് വേണു നാഗവള്ളിയുടെ അടുത്ത് പറഞ്ഞു. അതാണ് ആ സീക്വൻസ്.
മീനുക്കുട്ടിയുടെ പിറന്നാളിൻ്റെ അന്ന് സുധിയെ അവിടേക്ക് വിളിക്കുകയും സുകുമാരി ചേച്ചിയെ കൊണ്ട് നീ അങ്ങ് എഴുന്നേൽക്ക് നിനക്ക് എന്താണ് ഇത്ര ധൃതിയെന്ന് ചോദിക്കുകയും ചെയ്ത് വേറൊരു ഹിറ്റ് പടത്തിൽ നിന്നുള്ള കണ്ടന്റ് അടിച്ചുമാറ്റിയതാണ്.
ചില സീനൊക്കെ അഭിനയിക്കുന്ന കാണുമ്പോൾ മോഹൻലാലിൻ്റെ അടുത്ത് തന്നെ ഞാൻ ചോദിച്ചിട്ടുണ്ട് ഇതെങ്ങനെ ചെയ്യുന്നെന്ന്, എനിക്കറിയില്ല. ആ സമയത്ത് വരും അത് ചെയ്യുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മോഹൻലാൽ എന്ന നടൻ ഫേക്കല്ല. അയാൾ അഭിനയിക്കാത്തത്
ജീവിതത്തിൽ മാത്രമാണ്, മണിയൻപിള്ള രാജു പറഞ്ഞു.