നിവിൻ പോളി ചിത്രം ഫാർമക്ക് ott യിൽ മികച്ച അഭിപ്രായം
ലാഭക്കൊതിക്കായി മനുഷ്യജീവൻ പണയപ്പെടുത്തി പന്താടുന്ന മരുന്ന് മാഫിയകളുടെ ക്രൂരവും ഭയപ്പെടുത്തുന്നതുമായ മുഖം ഈ സീരീസ് അനാവരണം ചെയ്യുന്നു;
ഏതു മനുഷ്യനും സ്വന്തം ജീവിതവുമായി ചേർത്തുപിടിക്കാവുന്ന പ്രമേയമാണ് 'ഫാർമ'യുടേത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ആശുപത്രി സന്ദർശിക്കാത്തവരോ മരുന്ന് കഴിക്കേണ്ടി വരാത്തവരോ ആയി ആരും തന്നെയുണ്ടാകില്ല. മിക്കപ്പോഴും ദൈവത്തിനൊപ്പം ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും പ്രതിഷ്ഠിക്കുന്നവരാണ് നമ്മൾ. എന്നാൽ, പവിത്രമായ ആ വിശ്വാസത്തിന് വിള്ളൽ വീഴ്ത്തിക്കൊണ്ട് ചില ദുഷ്ടശക്തികൾ നമുക്കിടയിൽ പ്രവർത്തിച്ചാലോ? 'ആതുരസേവനം' എന്ന വാക്കിന്റെ മഹത്വം വിസ്മരിക്കപ്പെടുകയും പകരം മനുഷ്യജീവനുകളെ ലാഭക്കണ്ണോടെ മാത്രം കാണുന്ന ഒരു ബിസിനസ്സായി ആരോഗ്യരംഗം മാറുകയും ചെയ്താൽ എന്തുണ്ടാകും? മരുന്ന് മാഫിയകളുടെ ഈ കുടിലതന്ത്രങ്ങളെയും അണിയറക്കഥകളെയും തുറന്നുകാട്ടുന്ന ഫാർമ, അത്യന്തം ഗൗരവകരവും അലോസരപ്പെടുത്തുന്നതുമായ ഒരു യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.വലിയ ആദർശങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത, തികച്ചും സാധാരണക്കാരനായ ഒരു യുവാവാണ് കെ.പി. വിനോദ് (നിവിൻ പോളി). പ്രാരാബ്ധങ്ങൾ നിറഞ്ഞ തന്റെ കുടുംബം പുലർത്താനും അമ്മയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനുമായി അയാൾ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലിയിൽ പ്രവേശിക്കുന്നു.അവിടെനിന്ന് ഫാർമസ്യൂട്ടിക്കൽ ബിസിനസ്സിന് പിന്നിലെ ഞെട്ടിക്കുന്ന അധാർമ്മികതകളിലേക്കും, ക്രൂരമായ ചൂഷണങ്ങളിലേക്കും, കമ്പനികൾ തമ്മിലുള്ള കിടമത്സരങ്ങളിലേക്കുമാണ് സംവിധായകൻ പ്രേക്ഷകരെ നയിക്കുന്നത്. ഒരു സാധാരണ മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിൽ നിന്ന് തുടങ്ങി, ഒരു വലിയ സിസ്റ്റത്തിന്റെ ചീഞ്ഞളിഞ്ഞ വേരുകളിലേക്കുള്ള യാത്രയായി ഫാർമ മാറുന്നു.