സിനിമയുടെ വ്യാജപതിപ്പ് പ്രചരണം: സർക്കാരിന് പരാതി നൽകി നിർമ്മാതാക്കളുടെ സംഘടന
തുടർച്ചയായി പുതിയ സിനിമകളുടെ വ്യാജ പതിപ്പുകൾ പൈറസി വെബ്‌സൈറ്റുകളിലൂടെയും ടെലിഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിക്കുന്നതിനെതിരെ നിർമ്മാതാക്കളുടെ സംഘടന സംസ്ഥാന സർക്കാരിന് പരാതി നൽകി. തിയേറ്ററിൽ ഓടുന്ന സിനിമകളുടെ അടക്കം വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടത്.
ഏറ്റവും ഒടുവിലായി തിയേറ്ററിൽ പ്രദർശനം തുടരുന്ന മോഹൻലാലിന്റെ പുതിയ ചിത്രം തുടരും സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയുമായി സംഘടന മുന്നോട്ടു വരുന്നത്.
മലയാള ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആണ് ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്. വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള സിനിമയുടെ വ്യാജപ്രചരണം വരുമാനത്തിന് ഗുരുതരമായ ദോഷം ഉണ്ടാക്കുകയാണെന്നും, നിര്‍മ്മാതാക്കളുടെ സാമ്പത്തിക സുരക്ഷക്ക് ഇത് വലിയ വെല്ലുവിളിയാണെന്നും സംഘടന ആരോപിക്കുന്നു.
പലപ്പോഴായി റിലീസ് ആകുന്ന ചിത്രങ്ങളുടെ വ്യാജപതിപ്പ് ഉടൻതന്നെ ഇത്തരം വെബ്സൈറ്റുകളിൽ പ്രചരിക്കുന്നതിനെതിരെ സിനിമയുടെ നിർമ്മാതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.
കേസുകൾ രജിസ്റ്റർ ചെയ്യാനും, സൈബർ സെല്ലിന്റെ സഹായത്തോടെ കുറ്റവാളികളെ കണ്ടെത്താനും സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. കൂടാതെ, വിപണിയിൽ നിന്ന് ഇത്തരം ലിങ്കുകളും വെബ്സൈറ്റുകളും നീക്കം ചെയ്യുന്നതിനായി കേന്ദ്രസർക്കാരിന്റെ ഐടി വകുപ്പിന്റെ സഹായവും തേടുമെന്ന് അവർ അറിയിച്ചു.
സിനിമാ വ്യവസായത്തിന്റെ നിലനില്പിനായി അച്ചടക്കത്തിനും നീതി ഉറപ്പാക്കുന്നതിനും ഇത്തരത്തിലുള്ള നടപടികൾ അനിവാര്യമാണെന്ന് സംഘടന വ്യക്തമാക്കി.ഇത് സംബന്ധിച്ച് സർക്കാർ നിലപാട് എന്തായിരിക്കും എന്നാണ് ചലച്ചിത്രരംഗം ഉറ്റുനോക്കുന്നത്.