ആര്‍ത്തുല്ലസിച്ചു പ്രേക്ഷകര്‍; കേരളത്തിലും ചിരിയുടെ തരംഗം സൃഷ്ടിച്ച് 'സു ഫ്രം സോ'

ആര്‍ത്തുല്ലസിച്ചു പ്രേക്ഷകര്‍; കേരളത്തിലും ചിരിയുടെ തരംഗം സൃഷ്ടിച്ച് 'സു ഫ്രം സോ';

By :  Sneha SB
Update: 2025-08-01 11:41 GMT

കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റര്‍ ബുദ്ധ ഫിലിംസ് നിര്‍മ്മിച്ച ബ്ലോക്ക്ബസ്റ്റര്‍ കന്നഡ ചിത്രം 'സു ഫ്രം സോ' മലയാളം പതിപ്പ് ഇന്ന് മുതല്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രത്തില്‍ ഹൊറര്‍- സൂപ്പര്‍ നാച്ചുറല്‍ ഘടകങ്ങളും ഉണ്ട്. കന്നടയില്‍ വമ്പന്‍ പ്രേക്ഷക പിന്തുണ നേടി പ്രദര്‍ശനം തുടരുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധ നേടിയ ജെ.പി. തുമിനാട്, 'സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബി' എന്ന ചിത്രത്തിലൂടെ ഒരു നടനെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. 'സു ഫ്രം സോ' എന്ന ഈ ചിത്രത്തിലും അദ്ദേഹം പ്രധാന വേഷം ചെയ്തിരിക്കുന്നു.

ഗംഭീര പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന് ലഭിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടൈന്‍മെന്റ് പാക്കേജായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ചിത്രം കണ്ട ഓരോരുത്തരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ആറു ദിവസത്തില്‍ ബുക്ക് മൈ ഷോയിലൂടെ മാത്രം 1 ലക്ഷത്തിനു മുകളില്‍ എന്ന കണക്കിലാണ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ വിറ്റഴിയുന്നത്. കര്‍ണാടകയില്‍ വെളുപ്പിനെ മുതല്‍ ആണ് ചിത്രത്തിന്റെ ഷോകള്‍ നടക്കുന്നത്. ചിരിക്കൊപ്പം സൂപ്പര്‍ നാച്ചുറല്‍ ഘടകങ്ങള്‍ അതിമനോഹരമായാണ് ചിത്രത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നതെന്നും, ഡബ്ബ് ആണെങ്കിലും ഒരു മലയാള ചിത്രം കാണുന്ന അതേ ഫീലോടെ ഈ ചിത്രം ആസ്വദിക്കാന്‍ സാധിക്കുമെന്നും ചിത്രത്തിന്റെ മലയാളം പതിപ്പ് കണ്ട പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

സംവിധായകന്‍ ജെ.പി. തന്നെ നായകനായ ചിത്രത്തില്‍ ശനീല്‍ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നു. ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത് എന്നും ആദ്യാവസാനം ചിരിപ്പിക്കുന്നതിനൊപ്പം വളരെ പ്രസക്തമായ ഒരു വിഷയവും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പ്രേക്ഷകര്‍ വ്യക്തമാകുന്നു. ചന്ദ്രശേഖര്‍ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധര്‍ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എഡിറ്റിംഗ്- നിതിന്‍ ഷെട്ടി, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്, പ്രൊഡക്ഷന്‍ ഡിസൈന്‍- സുഷമ നായക്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - ബാലു കുംത, അര്പിത് അഡ്യാര്‍, സംഘട്ടനം- അര്‍ജുന്‍ രാജ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളര്‍ പ്ലാനെറ്റ് സ്റ്റുഡിയോസ്.

Tags:    

Similar News