തെലുങ്കിലെ മെഗാസ്റ്റാറായതിനാല്‍ നായകന്‍ അംബാസഡര്‍ ഓടിക്കില്ല, മിനിമം ഹെലികോപ്റ്ററെങ്കിലും വേണം: തുടരും തെലുങ്ക് റീമേക്കിനെ കളിയാക്കി ട്രോളന്മാർ

Update: 2025-06-04 10:57 GMT

മലയാളത്തിൽ മികച്ച വിജയം നേടി വലിയ പ്രേക്ഷകസ്വീകാര്യതയിൽ മുന്നോട്ട് പോകുകയാണ് മോഹൻലാലിന്റെ തുടരും. കേരളത്തിൽ ചിത്രം വാൻ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ റീമേക്കിനായി ബോളിവുഡിൽ നിന്നും തെലുങ്കിൽ നിന്നും സമ്മർദ്ദം ശക്തമാണെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ റീമേക്ക് ദുരന്തം കണ്ടറിഞ്ഞ ട്രോളന്മാർ എങ്ങനാകും തുടരും റീമേക്കായി തെലുങ്കിൽ എടുക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചിരഞ്ജീവി അഭിനയിച്ച ലൂസിഫർ തെലുങ്കിൽ വലിയ പരാജയം ആയ പശ്ചാത്തലത്തിൽ ചിരഞ്ജീവിയെ തന്നെയാണ് തുടരുമിന്റെ തെലുങ്ക് റീമേക്കിന്റെ പ്രവചനത്തിലും ട്രോളന്മാർ ചിത്രീകരിച്ചിരിക്കുന്നത്. ഏത് കഥയെയും വലിയ സ്‌കെയിലില്‍ ചിത്രീകരിക്കുന്ന തെലുങ്ക് സിനിമാ രീതിയെയാണ് ട്രോളുന്നത്. തുടരും സിനിമയില്‍ മോഹന്‍ലാലിനെ ഒറ്റയാനോട് ഉപമിച്ചപ്പോള്‍ തെലുങ്കില്‍ ദിനോസറിനെയാണ് നായക കഥാപാത്രവുമായി താരതമ്യം ചെയ്യുന്നത്. പ്രഭാസ് നായകനായെത്തിയ സലാറില്‍ നായകനെ ദിനോസറായാണ് പുകഴ്ത്തിയത്.

തെലുങ്കിലെ മെഗാസ്റ്റാറായതിനാല്‍ നായകന്‍ അംബാസഡര്‍ ഓടിക്കില്ലെന്നും മിനിമം ഹെലികോപ്റ്ററെങ്കിലും വേണമെന്നാണ് ട്രോളന്മാരുടെ ഭാഷ്യം. ബ്രൂസ് ലീ ദ ഫൈറ്റര്‍ എന്ന സിനിമയില്‍ ചിരഞ്ജീവി ഹെലികോപ്റ്ററില്‍ വന്ന് ഇറങ്ങുന്ന വീഡിയോയാണ് വീഡിയോയിലെ ഹൈലൈറ്റ്. ഒപ്പം തെലുങ്ക് സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത ഐറ്റം ഡാന്‍സും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ ചിരഞ്ജീവി അനാവശ്യ ഇടപെടലുകൾ നടത്തിയെന്ന് പറയപ്പെടുംപോലെ തുടരുമിലും ഉണ്ടാകുമെന്നാണ് ട്രോളന്മാർ കണക്കു കൂട്ടുന്നത്.

Tags:    

Similar News