ആട് 3 , സീൻ 1 , ഇന്നലെ സംഭവിച്ചത്" -ആദ്യ പ്രോമോ സീൻ റിലീസ്
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" എന്ന ചിത്രത്തിലെ ആദ്യ പ്രോമോ സീൻ പുറത്ത്.

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" എന്ന ചിത്രത്തിലെ ആദ്യ പ്രോമോ സീൻ പുറത്ത്.
"ആട് 3 , സീൻ 1 , ഇന്നലെ സംഭവിച്ചത്" എന്ന ടൈറ്റിലോടെയാണ് ആദ്യ പ്രോമോ സീൻ റിലീസ് ചെയ്യ്തിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈജു കുറുപ്പിന്റെ, അറക്കൽ അബു എന്ന ജനപ്രിയ കഥാപാത്രത്തിന്റെ തകർപ്പൻ അവതരണമാണ് ഈ രംഗത്തിലൂടെ നടത്തിയിരിക്കുന്നത്.
അറക്കൽ അബുവും കൈപ്പുഴ കുഞ്ഞപ്പനും ഉൾപ്പെടെ പ്രേക്ഷകർക്ക് വമ്പൻ നൊസ്റ്റാൾജിയ സമ്മാനിക്കുന്ന ഏറെ രസകരമായ രംഗമാണ് ആദ്യ പ്രോമോ സീനിലൂടെ അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്.
ആദ്യ ഭാഗങ്ങളെ പോലെ തന്നെ പ്രേക്ഷകർക്ക് പൊട്ടിച്ചിരിക്കാൻ ഏറെ വക നൽകുന്ന ഒന്നായിരിക്കും ഈ മൂന്നാം ഭാഗവും എന്ന സൂചനയും ഈ രംഗം നൽകുന്നുണ്ട്.
ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തുന്ന ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാന്റസി ചിത്രം 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.
മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിനും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ മുന്നിൽ നിൽക്കുന്ന ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിക്കുന്നത്. ഇതോടെ ബോക്സ് ഓഫീസിൽ വമ്പൻ ഓപ്പണിങ് ആയിരിക്കും ചിത്രത്തിന് ലഭിക്കുക എന്നും ഉറപ്പായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രീസെയിൽസ് ഓരോ മണിക്കൂറിലും മികച്ച കുതിപ്പാണ് നടത്തുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ഈ ചിത്രം സ്വന്തമാക്കുക എന്നും ഉറപ്പായി കഴിഞ്ഞു.സെൻസറിങ് പൂർത്തിയാക്കി ക്ലീൻ "U" സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂർ 47 മിനിറ്റ് ആണ്. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്നതും പ്രേക്ഷകരുടെ ആവേശവും കൗതുകവും വർധിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകിയത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്‍ത, ചിത്രത്തിലെ ആദ്യ ഗാനവും സൂപ്പർ ഹിറ്റായി മാറിയിരുന്നു. പ്രശസ്ത തെന്നിന്ത്യൻ താരമായ വേദികയുടെ മനോഹരമായ നൃത്ത ചുവടുകളുമായി എത്തിയ "സുൽത്താൻ" എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.
ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണ്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, അവരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലൂടെ വെള്ളിത്തിരയിൽ എത്തുമ്പോഴുള്ള പ്രേക്ഷകരുടെ ആവേശമാണ് ചിത്രത്തിന് വമ്പൻ സ്വീകരണം ഉറപ്പാക്കുന്നത്.
