വിദേശ മാര്‍ക്കറ്റുകളില്‍ പവന്‍ കല്യാണ്‍ ചിത്രത്തേക്കാള്‍ ബഹുദൂരം മുന്നില്‍ ആട് 3
ധുരന്ധര്‍ 2 കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റതും ആട് 3

മലയാള സിനിമയുടെ മാര്‍ക്കറ്റ് മുന്‍കാലങ്ങളിലേതിനേക്കാള്‍ വളരെ വലുതാണ് ഇപ്പോള്‍. ഓവര്‍സീസ് മാര്‍ക്കറ്റ് ആണ് സമീപവര്‍ഷങ്ങളില്‍ ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തിയത്. ഒടിടിയില്‍ മലയാള സിനിമ കണ്ട പരിചയത്താല്‍ മറുഭാഷാ പ്രേക്ഷകര്‍ ഇതര സംസ്ഥാനങ്ങളിലും ഇന്ന് മലയാള സിനിമകള്‍ കാണാന്‍ എത്തുന്നുണ്ട്. പലപ്പോഴും കളക്ഷനില്‍ മറ്റ് ഇന്‍ഡസ്ട്രികളിലുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുന്നുമുണ്ട് മലയാളം ചിത്രങ്ങള്‍. ഇപ്പോഴിതാ അക്കൂട്ടത്തിലെ ഏറ്റവും പുതിയ ചിത്രമാണ് ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 3. ഒരേ ദിവസം തിയറ്ററിലെത്തിയ ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തേക്കാള്‍ ടിക്കറ്റ് സെയിലും കളക്ഷനും ആട് 3 ന് ഉണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെലുങ്ക് മാധ്യമങ്ങളിലും എത്തിയിട്ടുണ്ട്.പവന്‍ കല്യാണിനെ നായകനാക്കി ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ഡ്രാമ ഉസ്താദ് ഭഗത് സിംഗ് വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ആട് 3 എത്തിയ അതേ ദിവസം. ഇന്ത്യയിലെ തിയറ്റര്‍ കൗണ്ട് ആട് 3 നേക്കാള്‍ ഒരുപാട് കൂടുതല്‍ ആയിരുന്നെങ്കിലും പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയുടെ പ്രതിദിന കണക്കുകളില്‍ ഭഗത് സിംഗിനേക്കാള്‍ എപ്പോഴും മുന്നില്‍ ആട് 3 ആണ്. പുതിയ റിലീസ് ചിത്രങ്ങള്‍ക്ക് റിലീസ് ദിനം കഴിഞ്ഞാല്‍ ഏറ്റവും തിരക്ക് വരാറുള്ള ഞായറാഴ്ച ഉസ്താദ് ഭഗത് സിംഗ് ബുക്ക് മൈ ഷോയിലൂടെ വിറ്റത് 84,000 ടിക്കറ്റുകള്‍ ആയിരുന്നു. എന്നാല്‍ ആട് 3 വിറ്റത് ആവട്ടെ 1.48 ലക്ഷം ടിക്കറ്റുകളും. ധുരന്ധര്‍ 2 കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റതും ആട് 3 തന്നെ. അതേസമയം ധുരന്ധര്‍ ഞായറാഴ്ച ബിഎംഎസിലൂടെ വിറ്റത് 10 ലക്ഷത്തില്‍ അധികം ടിക്കറ്റുകള്‍ ആയിരുന്നു.എന്നാല്‍ ഓഫ്‍ലൈന്‍ ടിക്കറ്റ് സെയിലില്‍ ആട് 3 നെ ഭഗത് സിംഗ് മറികടന്നിട്ടുണ്ടെന്ന് ഇന്ത്യയിലെ കളക്ഷന്‍ നോക്കിയാല്‍ മനസിലാവും. അതേസമയം വിദേശ മാര്‍ക്കറ്റുകളില്‍ പവന്‍ കല്യാണ്‍ ചിത്രത്തേക്കാള്‍ ബഹുദൂരം മുന്നില്‍ ആട് 3 ആണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആട് 3 ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് 31.25 കോടിയാണ്. എന്നാല്‍ ഉസ്താദ് ഭഗത് സിംഗ് ആവട്ടെ 71.15 കോടിയും. എന്നാല്‍ ഓവര്‍സീസ് കൂട്ടിയുള്ള ആഗോള ബോക്സ് ഓഫീസില്‍ ആട് 3 ആണ് മുന്നില്‍. ഭഗത് സിംഗ് ആകെ നേടിയത് 80.75 കോടി ആണെങ്കില്‍ ആട് 3 ഇതുവരെ നേടിയിരിക്കുന്നത് 85 കോടി രൂപയാണ്. ഇരു ചിത്രങ്ങളുടെയും ബജറ്റ് അറിയുമ്പോഴാണ് ആ അന്തരം വീണ്ടും കൗതുകം പകരുന്നത്. ഭഗത് സിംഗിന്‍റെ ബജറ്റ് 150 കോടിയാണെങ്കില്‍ ആട് 3 ന്‍റെ ബജറ്റ് 65 കോടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 123 തെലുങ്ക് അടക്കമുള്ള തെലുങ്ക് മാധ്യമങ്ങള്‍ ഈ രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള ബജറ്റും കളക്ഷനും തമ്മിലുള്ള താരതമ്യം വാര്‍ത്തയാക്കിയിട്ടുണ്ട്.
