" ഭാര്യയുടെ അന്തസ്സ് എന്നത് ഒരിക്കലും അവളോടൊപ്പമുള്ള പുരുഷന്റെ പദവിയെ ആശ്രയിച്ചായിരിക്കരുത്'' -ആര്‍തി രവി
ഇപ്പോഴിതാ ആര്‍തി രവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്.

തമിഴ് നടൻ രവി മോഹന്റെയും മുൻഭാര്യ ആർതിയുടെയും വിവാഹമോചനവും, ബന്ധപ്പെട്ട വിവാദങ്ങളും, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി നൽകിയതും. നടിയുമായുള്ള അവിഹിതത്തിന്റെ പേരിലാണ് വിവാഹ മോചനം എന്ന് ഹര്‍ജിയില്‍ സംഗീത ആരോപിച്ചിരുന്നു. രവി മോഹന്റെയും ആർതിയുടെയും വിവാഹമോചനത്തിന് പിന്നിലും മറ്റൊരു നടിയുമായുള്ള ബന്ധമാണ് കാരണമെന്ന് ആർത്തിയും തുറന്ന് പറഞ്ഞിരുന്നു. വിജയ് ദാമ്പത്യബന്ധം വേർപിരിയുന്നു എന്ന വാർത്തകൾ വന്നതിന് പിന്നാലെ സംഗീതയെ പിന്തുണച്ച് കൊണ്ട് നിരവധി പേര് രംഗത്ത് എത്തിയിരുന്നു.ഇപ്പോഴിതാ ആര്‍തി രവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. 'എന്റെ കാഴ്ചപ്പാടില്‍- ഭാര്യയുടെ മാന്യതയെക്കുറിച്ച് പെട്ടെന്നുണ്ടായ ഈ ചര്‍ച്ചകള്‍ ഇന്‍ട്രസ്റ്റിങ് ആണ്. പരസ്യമായി മറ്റൊരു ബന്ധത്തിലേക്ക് മാറുന്നതിലെ വിവേകശൂന്യതയും, ഒരു ദാമ്പത്യം തകരുന്നത് ലോകത്തിന് മുന്നില്‍ കാണേണ്ടി വരുന്നതിലെ മാനസികാഘാതവും ഒക്കെ ഇന്ന് ചര്‍ച്ചയാകുന്നുണ്ട്. ഇത്തരം ചര്‍ച്ചകള്‍ തെറ്റാണെന്ന് പറയാനാകില്ല. പക്ഷേ, സമാനമായ ഒരു സാഹചര്യം കഴിഞ്ഞ വര്‍ഷം ഉണ്ടായപ്പോള്‍ ഇത്രയധികം ബഹളങ്ങള്‍ ഉണ്ടായിരുന്നില്ലല്ലോ എന്നത് ചിന്തിപ്പിക്കുന്നു. അന്ന് പ്രതികരണങ്ങള്‍ വളരെ കുറവായിരുന്നു. പലരും കെട്ടിച്ചമച്ച കഥകള്‍ അന്ധമായി വിശ്വസിച്ചതുകൊണ്ട്, പലതരത്തിലുള്ള മുന്‍വിധികളും നിഷേധാത്മകമായ നിലപാടുകളുമാണ് അന്നുണ്ടായത്.അതുകൊണ്ട് തന്നെ ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നു- ഒരു ഭാര്യയോടുള്ള സഹതാപം എന്നത് കൂടെയുള്ള പുരുഷന്റെ സ്വാധീനത്തിനനുസരിച്ചാണോ മാറുന്നത്? അതോ അവളുടെ വികാരങ്ങള്‍ കേള്‍ക്കപ്പെടാന്‍ ശരിയായ രാഷ്ട്രീയമോ സാമൂഹികമോ ആയ ഒരു സാഹചര്യം വരണമെന്നുണ്ടോ? പക്ഷേ, ഇപ്പോഴത്തെ ഈ മാറ്റത്തില്‍ എനിക്ക് സന്തോഷമുണ്ട്. അത്തരത്തിലുള്ള അപമാനം നിശബ്ദമായി സഹിക്കാന്‍ ഒരു ഭാര്യയും ബാധ്യസ്ഥയല്ല. പക്ഷേ, ഇന്ന് നമ്മള്‍ പ്രതികരിക്കാന്‍ പഠിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കണം, സഹതാപം എന്നത് അധികാരമുള്ളവര്‍ക്ക് വേണ്ടി മാത്രം മാറ്റിവെക്കാനുള്ളതല്ല. ഒരു ഭാര്യയുടെ അന്തസ്സ് എന്നത് ഒരിക്കലും അവളോടൊപ്പമുള്ള പുരുഷന്റെ പദവിയെ ആശ്രയിച്ചായിരിക്കരുത്,' ആര്‍തി രവി പറഞ്ഞു.
