"ധുരന്ദർ 2 വിന് ഓസ്കർ അല്ല നോബൽ സമ്മാനമാണ് കിട്ടേണ്ടത് " ചിത്രം നിരാശപ്പെടുത്തിയെന്ന് ദിവ്യ സ്പന്ദന

ധുരന്ദർ 2 ' വിനെതിരെ രൂക്ഷ വിമർശനവുമായി നടിയും കോൺഗ്രസ് എംപിയുമായിരുന്ന ദിവ്യ സ്പന്ദന

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ദർ 2 ' വിനെതിരെ രൂക്ഷ വിമർശനവുമായി നടിയും കോൺഗ്രസ് എംപിയുമായിരുന്ന ദിവ്യ സ്പന്ദന. ചിത്രത്തിന് ഓസ്കർ അല്ല നോബൽ സമ്മാനമാണ് ലഭിക്കേണ്ടതെന്നും സിനിമയുടെ സംവിധാനവും സംഭാഷണവും ചിത്രസംയോജനവും പശ്ചാത്തലസംഗീതവും അഭിനയവും എല്ലാം നിരാശപ്പെടുത്തിയെന്നും നടി കുറിച്ചു. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നടി സിനിമയെക്കുറിച്ച് മനസുതുറന്നത്‌.

'ധുരന്ദർ 2 കണ്ടു. വളരേയധികം സാധ്യതകളുള്ള ഒരു പ്രമേയത്തെ എങ്ങനെ ക്ഷമപരീക്ഷണമായി മാറ്റാമെന്നതിന്റെ മാസ്റ്റർക്ലാസാണിത്. ഏറ്റവും വിരസമായ ഒരു വിഷയത്തെക്കുറിച്ചുള്ള, ഒരിക്കലും അവസാനിക്കാത്ത അധ്യായങ്ങളുള്ള ഒരു പുസ്തകം വായിക്കുന്നത് പോലെയാണിത്. ഒരു ഘട്ടത്തിൽ നിങ്ങളുടെ മസ്തിഷ്കം പണി നിർത്തുകയും, മുന്നിൽ അരങ്ങേറുന്ന ഈ ക്രൂരത കണ്ട് നിരാശ മൂത്ത് അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങുകയും ചെയ്യും. നിങ്ങൾക്ക് ഇത് കാണണമെന്ന് അത്ര നിർബന്ധമാണെങ്കിൽ, ഒരിക്കലും തിയേറ്ററിൽ പോയി സമയം കളയരുത്. ഏതെങ്കിലും സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ കാണുന്നതാവും നല്ലത്. സംവിധാനവും സംഭാഷണവും ചിത്രസംയോജനവും പശ്ചാത്തലസംഗീതവും അഭിനയവും എല്ലാം ദയനീയം. ധുരന്ദർ ആദ്യഭാഗത്തിന് ആളുകൾ ആർത്തുവിളിക്കുകയും കൈയടിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. ആ ചിത്രത്തിന് ഒരു എനർജിയുണ്ടായിരുന്നു. കാണാൻ കൊള്ളാമായിരുന്നു. എന്നാൽ ഇതിൽ, കാണികൾക്കുവേണ്ടി ഒന്നുമില്ലായിരുന്നു. കണ്ടവരാകെ നിരാശയിലാണ്.സിനിമയെ രൺവീർ താങ്ങിനിർത്തുന്നു എന്നാണ് ചിലർ പറയുന്നത്. അദ്ദേഹം എന്താണ് താങ്ങി നിർത്തുന്നത്?. ആകെ കാണാൻ അദ്ദേഹത്തിന്റെ മുടി മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യഭാഗത്തിൽ ആ മുടിക്ക്, വ്യക്തിത്വവുമുണ്ടായിരുന്നു. എന്നാൽ, ഈ ചിത്രത്തിൽ അതിങ്ങനെ അവിടെ വെറുതേ നിൽക്കുകയാണ്. മിക്കവാറും ഇടങ്ങളിൽ അത് രംഗങ്ങളെ തടസ്സപ്പെടുത്തുന്നു, ചിലപ്പോൾ മികച്ച സഹനടനുള്ള നാമനിർദേശം ലഭിക്കാൻ ഇടയുണ്ട്. സംവിധായകൻ സ്വയം മത്സരിക്കുകയാണ്. കഴിഞ്ഞ രംഗത്തേക്കാൾ അടുത്തത് എങ്ങനെ ക്രൂരമോ തമാശയോ ആക്കാമെന്നതിനുള്ള മത്സരം. ഒരുഘട്ടം കഴിഞ്ഞാൽ ഇത് പേടിപ്പിക്കുന്നതിൽനിന്ന് മാറി പൂർണ്ണമായും തമാശയാവുന്നു. രണ്ടുകാലും വെട്ടിമാറ്റി മണ്ണെണ്ണയിൽ മുക്കി നിർത്തിയ മൃതദേഹം ടെഡ് ടോക്ക് എന്ന പോലെ സംഭാഷണം പറഞ്ഞുകൊണ്ടിരിക്കുന്നു. മെഡിക്കൽ സയൻസ്, സിന്ദാബാദ്. ഓസ്‌കർ അല്ല, നോബേൽ സമ്മാനമാണ് ചിത്രത്തിന് ലഭിക്കാൻ പോകുന്നത്. ചുരുക്കത്തിൽ ധുരന്ദർ 2 വലിയ നിരാശയാണ് സമ്മാനിച്ചത്.രൺവീർ- നിങ്ങൾ ഇതിനേക്കാളേറെ മുകളിലാണ്. ആദിത്യ ധർ- ജിങ്കോയിസവും പ്രൊപ്പഗൻഡയും വളരേ പഴഞ്ചനാണ്. അതിൽനിന്ന് പുറത്തുവാ… എനിക്ക് രൺവീറിനെ ഇഷ്ടമാണ്. അദ്ദേഹം ആദ്യഭാഗത്തിൽ നന്നായി ചെയ്തു. ആദ്യഭാഗത്തിൽ കാണിച്ച സൂക്ഷ്മത നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ചു. ധുരന്ദർ 2 സ്റ്റെറോയിഡുകൾക്കുപുറത്തുള്ള കോപത്തിന്റേയും പരാക്രമത്തിന്റേയും പ്രകടനമാണ്. രണ്ടാംഭാഗത്തിൽ അദ്ദേഹത്തിന് വിശേഷിച്ച് ചെയ്യാൻ ഒന്നുമില്ല. രൺവീർ ഇതിലും മികച്ച അഭിനേതാവാണെന്ന് വിശ്വസിക്കുന്നു, അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു', ദിവ്യയുടെ വാക്കുകൾ.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story