"അർജുൻ തെണ്ടുൽക്കർ ഒരു നെക്സ്റ്റ് ലെവൽ ഇൻട്രൊവേർട്ട്"
അർജുൻ ഒന്നാന്തരം അന്തർമുഖനാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകനായ ക്രിക്കറ്റ് താരം അർജുൻ തെണ്ടുൽക്കറും സംരംഭക സാനിയ ചന്ദോക്കും കഴിഞ്ഞദിവസമാണ് വിവാഹിതരായത് . മാർച്ച് അഞ്ചിന് മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. സച്ചിൻ തെണ്ടുൽക്കറുടെ കുടുംബത്തിലേക്ക് അങ്ങനെ പുതിയൊരു അംഗംകൂടി എത്തി . ബുധനാഴ്ച നടന്ന മെഹന്ദി ചടങ്ങിൽ ക്രിക്കറ്റ് ലോകത്തെ പ്രമുഖരായ ഇർഫാൻ പഠാൻ, യൂസഫ് പഠാൻ, സഹീർ ഖാൻ, രവി ശാസ്ത്രി തുടങ്ങിയവർ പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങുകളിൽ എം.എസ്. ധോണിയും കുടുംബവും ഉൾപ്പെടെയുള്ള പ്രമുഖരും എത്തി.
മെഹന്ദി ചടങ്ങിൽനിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. അർജുൻ സാനിയയ്ക്കൊപ്പം സ്റ്റേജിൽ നിൽക്കുന്നതും ഒരു അതിഥി 'കുച്ച് കുച്ച് ഹോത്താ ഹെ' എന്ന ഗാനം ആലപിക്കുന്നതുമാണ് വീഡിയോയിൽ. സാധാരണ താരവിവാഹങ്ങളിൽനിന്ന് വ്യത്യസ്തമായി അർജുൻ ഈ വീഡിയോയിൽ ഒരു പ്രതിമ കണക്കെ നിൽക്കുകയാണ്. പാട്ടോ ആഘോഷമോ ആസ്വദിക്കുന്നതിന്റേതായ പ്രതികരണങ്ങളൊന്നുമില്ല. ആഘോഷവേളയിലെ ഈ നിൽപ്പ് ആരാധകരിൽ അമ്പരപ്പുണ്ടാക്കുക സ്വാഭാവികമാണ്. പലരും ഇതൊരു ട്രോളാക്കി മാറ്റുകയും ചെയ്തു. അർജുൻ ഒന്നാന്തരം അന്തർമുഖനാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. പലരും അത് പറഞ്ഞ് കളിയാക്കുകയാണിപ്പോൾ.
അർജുൻ തെണ്ടുൽക്കർ ഒരു നെക്സ്റ്റ് ലെവൽ ഇൻട്രൊവേർട്ട് ആണെന്നാണ് ഒരാൾ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞത്. ഇത് നിന്റെ വിവാഹമാണ്; ഒന്ന് ചിരിക്കുകയെങ്കിലും ചെയ്യാമെന്നും ഉപയോക്താവ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. അർജുൻ ഇൻട്രൊവേർട്ട് സമൂഹത്തിന്റെ പ്രതിനിധിയാണെന്ന് മറ്റൊരാൾ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻതാരവുമായ ഗൗതം ഗംഭീർ വിവാഹ ചടങ്ങിനെത്തിയിരുന്നു. ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾ താമസിക്കുന്ന അതേ ഹോട്ടലിൽ തന്നെയാണ് ചടങ്ങുകൾ നടന്നത്. ടീമിലെ ചില താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ദീർഘകാല സുഹൃത്തുക്കളായിരുന്ന അർജുനും സാനിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലാണ് നടന്നത്. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഗായിയുടെ കൊച്ചുമകളായ സാനിയ, കാലങ്ങളായി തെണ്ടുൽക്കർ കുടുംബത്തിന്റെ ഉറ്റ സുഹൃത്തുകൂടിയാണ്.
