അഖില്‍ പ്രതിഭയുള്ള ചെറുപ്പക്കാരനായിരുന്നു; വിശ്വസിക്കാന്‍ കഴിയുന്നില്ല, എന്താണ് സംഭവിച്ചത്?
Director Sanal Kumar Sasidharan remembers actor Akhil Viswanath

നടന്‍ അഖില്‍ വിശ്വനാഥിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ ജോജു ജോര്‍ജും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും. മുപ്പതുകാരനായ അഖിലിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോലയില്‍ ഒരു പ്രധാന വേഷം അഭിനയിച്ചത് അഖിലാണ്. ചോലയ്ക്ക് ശേഷം ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലും അഖില്‍ അഭിനയിച്ചു.
'ഈ വാര്‍ത്ത ഹൃദയം പിളര്‍ക്കുന്നതാണ്. ചോല മൂവിയിലെ നായകന്‍ അഖില്‍ ആത്മഹത്യ ചെയ്തു എന്ന് കേള്‍ക്കുന്നു. ആ ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. വളരെയധികം പ്രതിഭയുള്ള ചെറുപ്പക്കാരനായിരുന്നു അയാള്‍. എന്താണ് സംഭവിച്ചത് എന്ന് അയാളുടെ അടുത്ത സുഹൃത്തുക്കള്‍ തിരക്കുക' സനല്‍ കുമാര്‍ ശശിധരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'അഖില്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഹൃദയം തകര്‍ക്കുന്നു. ഇല്ലായ്മകളുടെ പടുകുഴിയില്‍ നിന്ന് സിനിമയിലേക്ക് വന്നതാണയാള്‍. ചോല എന്ന ഒരൊറ്റ സിനിമ മാത്രം മതിയായിരുന്നു അയാള്‍ക്ക് മലയാള സിനിമയില്‍ അഭിനേതാവ് എന്ന നിലയില്‍ ചുവടുറപ്പിക്കാന്‍. അതുണ്ടായില്ല. ആ സിനിമയെ ഒതുക്കിയതോടെ ആ ചെറുപ്പക്കാരന്‍ ഉള്‍പ്പെടെ ആ സിനിമയിലൂടെ പ്രതിഭ തെളിയിച്ച നിരവധി പേരുടെ ഭാവിപ്രതീക്ഷകള്‍ ഇരുട്ടിലായി. അഖില്‍ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാന്‍ എനിക്കു കഴിയുന്നില്ല. അയാള്‍ അടുത്തിടെ തുടങ്ങാനിരിക്കുന്ന ഒ.ടി.ടി എന്നൊരു സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയായിരുന്നു എന്നറിയുന്നു.
സങ്കടം തോന്നുന്നു അഖില്‍. എന്തായിരുന്നു അകാലത്തിലുള്ള ഈ മരണത്തിന്റെ കാരണമെന്ന് എനിക്കറിയില്ല. പക്ഷേ നിന്റെ ചോരയില്‍ നിന്റെയുള്‍പ്പെടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവര്‍ക്ക് പങ്കുണ്ട്. നിന്റ ആത്മാവിന് ശാന്തി ലഭിക്കട്ടെ. സ്‌നേഹം നിറഞ്ഞ നിന്റെ പുഞ്ചിരി വീണ്ടുമെന്നെ തൊടാന്‍ ഇടയാവട്ടെ.' സനല്‍ കുമാറിന്റെ വാക്കുകള്‍.
