മലയാളത്തിൽ മാത്രമല്ല അങ്ങ് തമിഴിലും വിലപിടിപ്പുള്ള താരമാണ് സുരാജ് വെഞ്ഞാറമൂട്.
തമാശ മാത്രമല്ല കട്ട വില്ലനിസവും തനിക്ക് പുഷ്പം പോലെ വഴങ്ങുമെന്ന് സുരാജ് തമിഴിൽ തെളിയിക്കുകയാണ്.

കോമഡിയിലൂടെ ആരംഭിച്ച് ആക്ഷൻ ഹീറോ ബിജുവിലൂടെ കളംമാറ്റി ചവിട്ടി പ്രേക്ഷകരെ ഞെട്ടിച്ച നടൻ ആണ് സുരാജ് വെഞ്ഞാറമൂട്. ദശമൂലം ദാമുവും തീപ്പന്തൽ രാജ് ബോസും ഇടിവെട്ട് സുഗുണനും സുശീലനുമെല്ലാം ചിരിപ്പിച്ച് കയ്യടി നേടിയ ചില സുരാജ് കഥാപാത്രങ്ങൾ ആണ്. ആക്ഷൻ ഹീറോ ബിജുവിൽ നിമിഷനേരം മാത്രം പ്രത്യക്ഷപ്പെട്ടു ഞെട്ടിച്ചപ്പോൾ സുരാജിലെ അഭിനേതാവിനെ കൂടി കണ്ടെത്തുകയായിരുന്നു മലയാളി പ്രേക്ഷകർ. എന്നാൽ ഇന്ന് മലയാളത്തിൽ മാത്രമല്ല അങ്ങ് തമിഴിലും വിലപിടിപ്പുള്ള താരമാണ് സുരാജ് വെഞ്ഞാറമൂട്.പലപ്പോഴായി മലയാളി നടൻമാർ തമിഴിൽ ചെന്ന് ഞെട്ടിച്ചിട്ടുണ്ട്. നെടുമുടി വേണുവും കലാഭവൻ മണിയും ഉർവശിയും നിത്യ മേനോനും തുടങ്ങി നിരവധി നടി-നടൻമാർ തമിഴ് പ്രേക്ഷകരെ തങ്ങളുടെ പ്രകടനം കൊണ്ട് ഞെട്ടിച്ചിട്ടുണ്ട്. ആ ലിസ്റ്റിലെ പുതിയ എൻട്രിയാണ് സുരാജ് വെഞ്ഞാറമൂട്. തമാശ മാത്രമല്ല കട്ട വില്ലനിസവും തനിക്ക് പുഷ്പം പോലെ വഴങ്ങുമെന്ന് സുരാജ് തമിഴിൽ തെളിയിക്കുകയാണ്. എസ് യു അരുൺകുമാർ ഒരുക്കിയ വിക്രം ചിത്രം വീര ധീര സൂരനിലൂടെ ആയിരുന്നു സുരാജിന്റെ തമിഴ് എൻട്രി. കണ്ണൻ എന്ന നെഗറ്റീവ് കഥാപാത്രമായി സുരാജ് തകർത്താടി. ക്ലൈമാക്സിലെ സിംഗിൾ ഷോട്ട് ആക്ഷൻ സീനിലടക്കം സുരാജിലെ അഭിനേതാവ് ചിയാനും മുകളിൽ നിന്നു. എന്നാൽ അതിനെല്ലാം അപ്പുറം തമിഴ് പ്രേക്ഷകരെ സുരാജിലേക്ക് കൂടുതൽ അടുപ്പിച്ചത് അദ്ദേഹത്തിന്റെ ട്രേഡ്മാർക്ക് ഹ്യൂമർ തന്നെ ആയിരുന്നു. വീര ധീര സൂരന്റെ പ്രീ റിലീസ് അഭിമുഖങ്ങളിൽ സുരാജ് തന്റെ തമാശകൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തു.തിയേറ്ററിൽ ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുന്ന യൂത്തിലെ ഉണ്ണികൃഷ്ണൻ എന്ന അച്ഛൻ കഥാപാത്രം തമിഴിലെ സുരാജിന്റെ സ്ഥാനത്തെ വീണ്ടും ഊട്ടിയുറപ്പിച്ചു. തമാശയും അല്പം ഇമോഷനുമൊക്കെയായി നായകനായ കെന്നിന് ഒപ്പം സുരാജ് തകർത്താടി. ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടുമ്പോൾ അത് സുരാജിനെ കൂടുതൽ തമിഴ് പ്രേക്ഷകരിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത്. അടുത്തെത്തുന്ന ധനുഷ് ചിത്രം കരയിലും ഞെട്ടിക്കുന്ന വേഷം തന്നെയാകും സുരാജിന്റേത് എന്ന സൂചനയാണ് സിനിമയുടെ ആദ്യ ടീസർ നൽകുന്നത്. വെറും രണ്ട് ഷോട്ടിൽ മാത്രമെങ്കിലും കഥാപാത്രത്തിന്റെ റേഞ്ച് വ്യക്തമാണെന്ന് ആണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. പൊലീസ് വേഷത്തിലാണ് സുരാജ് കരയിൽ എത്തുന്നത്. ഭരതൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രം ഏപ്രിൽ 30 ന് പുറത്തിറങ്ങുമ്പോൾ ധനുഷിനൊപ്പം സുരാജും പ്രകടനത്തിൽ കയ്യടി നേടുമെന്ന് ഉറപ്പാണ്.
