"ടൊവിനോയും ആസിഫ് അലിയും അഭിനയത്തില്‍ എന്നെക്കാള്‍ ഒരു മില്ലിമീറ്റര്‍ പോലും താഴെയല്ല, പ്രായക്കൂടുതല്‍ പരിഗണിച്ചിട്ടുണ്ടാവും"
Mammootty about Tovino Thomas and Asif Ali

കഴിവുകളുള്ളവരുടെ ഖനിയാണ് മലയാള സിനിമയെന്ന് മമ്മൂട്ടി. ഇനിയും ഒരുപാട് നമുക്ക് അതില്‍ നിന്ന് കോരിയെടുക്കാനുണ്ട്. അതിലൊരു ഭാഗമാകാന്‍ ഇനിയും സാധിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.
മികച്ച നടനുള്ള 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മമ്മൂട്ടി. പത്മഭൂഷന്‍ ബഹുമതി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച മമ്മൂട്ടി, അതിന് ശുപാര്‍ശ ചെയ്ത സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും നന്ദി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പല ചിത്രങ്ങളും കലാപരമായും സാമ്പത്തികമായും വിജയിച്ച ചിത്രങ്ങളായിരുന്നു. ടൊവിനോ തോമസും ആസിഫലിയും അഭിനയത്തില്‍ തന്നെക്കാളും ഒരു മില്ലീമീറ്റര്‍ പോലും താഴെയല്ലെന്നും പ്രായക്കൂടുതല്‍ കൊണ്ടാകാം തന്നെ മികച്ച നടനായി തിരഞ്ഞെടുത്തതെന്നും മമ്മൂട്ടി ചെറുചിരിയോടെ പറഞ്ഞു.
പല സ്ഥലത്തും പോകുമ്പോള്‍ അവിടെയുള്ള സിനിമാ ആസ്വാദകര്‍ എന്നോട് ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് മലയാളത്തില്‍ മാത്രം ഇത്തരത്തില്‍ മികച്ച കഥയും ചിത്രങ്ങളും ഇറങ്ങുന്നതെന്ന്. അതിനൊരു ഉത്തരമേയുള്ളൂ. ഇവിടെ അത് കാണാന്‍ ആളുള്ളത് കൊണ്ടാണെന്ന് ഞാന്‍ പറയും. സിനിമ ചിന്തിക്കാനും മനസ്സിലാക്കാനും സിനിമക്ക് ഒരു കഥ വേണം എന്നു ചിന്തിക്കുന്ന സാധാരണ മനുഷ്യരെ പോലെ ആകണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. മലയാളത്തില്‍ ഇറങ്ങുന്ന സിനിമകളെല്ലാം സാധാരണക്കാരോട് ചേര്‍ന്നു നില്‍ക്കുന്നവയാണ്. ഇതരഭാഷകളിലെ സിനിമകളിലെ നായകന്മാര്‍ അമാനുഷികരാണ്. നമുക്കതിന് കഴിയില്ല. മമ്മൂട്ടി പറഞ്ഞു.
